പൊളിയാറായി മുക്കൂട്ടുതറയിലെ പഞ്ചായത്ത് കെട്ടിടം; പൊളിക്കാൻ കോടതി കനിയണം
1578291
Wednesday, July 23, 2025 11:20 PM IST
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറയിലുള്ള അപകടത്തിലായ വ്യാപാര സമുച്ചയം പൊളിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ അനുകൂല നടപടികൾ സ്വീകരിക്കാനാവാതെ പഞ്ചായത്ത് വകുപ്പ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് നടപടികൾ സ്വീകരിക്കാൻ കഴിയാത്തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കോട്ടയം ജില്ലാ ഓഫീസിൽനിന്ന് പറയുന്നു.
അതേസമയം, കെട്ടിടം പൊളിച്ചാൽ എന്നു പുതിയത് പണിത് തീരുമെന്നുള്ള ഉറപ്പ് നൽകാൻ പഞ്ചായത്ത് തയാറല്ലെന്ന് വ്യാപാരികൾ പറയുന്നു. പുതിയത് പണിയുമ്പോൾ പഴയ കടമുറികൾ നടത്തിയവർക്ക് പുതിയ കെട്ടിടത്തിൽ കടമുറികൾ അനുവദിക്കുന്ന കാര്യത്തിലും ഉറപ്പില്ല. ഇതേച്ചൊല്ലിയാണ് ഹൈക്കോടതിയിൽ വ്യാപാരികൾ കേസ് നൽകിയത്. ഈ കേസിൽ ഇനിയും തീർപ്പായിട്ടില്ല.
കെട്ടിടം പൊളിക്കുന്നതിനായി കടമുറികൾ ഒഴിയാൻ പഞ്ചായത്ത് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് വ്യാപാരികൾ ഒരു വർഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ജൂൺ 12ന് ഒഴിപ്പിക്കൽ തടഞ്ഞ് ഇടക്കാല ഉത്തരവിട്ട കോടതി കഴിഞ്ഞ മാസം 13ന് കേസിൽ വീണ്ടും ഹിയറിംഗ് നടത്തിയിരുന്നു. ഈ ഹിയറിംഗിൽ വീണ്ടും നാലു മാസത്തേക്ക് ഒഴിപ്പിക്കൽ നടപടി തടഞ്ഞ് ഉത്തരവ് നൽകിയതോടെ പഞ്ചായത്തിന്റെ നീക്കം നിലച്ചിരിക്കുകയാണ്. ഭരണകാലാവധി തീരാനിരിക്കേ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇനി നടപടികൾ സ്വീകരിക്കാൻ മടിക്കുകയാണ് പഞ്ചായത്ത്.
കെട്ടിടം പൊളിഞ്ഞുവീഴാവുന്ന നിലയിലേക്ക് കൂടുതൽ ദുർബലമായ അവസ്ഥയിലാണ്. പഴക്കമേറിയ കോൺക്രീറ്റ് മേൽക്കൂരയുടെ കീഴിൽ 40ഓളം കടമുറികളാണുള്ളത്. അപകടാവസ്ഥ പരിഹരിക്കാൻ നേരത്തേ പഞ്ചായത്ത് ഫണ്ടിൽ മേൽക്കൂരയിൽ റൂഫിംഗ് നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
വീണ്ടും അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, കാലപ്പഴക്കമേറിയ കെട്ടിടമായതിനാൽ പൂർണമായും പൊളിച്ചുനീക്കിയില്ലങ്കിൽ അപകടം സംഭവിച്ചേക്കാമെന്നും അറ്റകുറ്റപ്പണികൾകൊണ്ട് ഗുണമില്ലെന്നും പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം കഴിഞ്ഞ വർഷം മേയ് ഏഴിന് നടത്തിയ ഫിറ്റ്നസ് പരിശോധനയിൽ അറിയിച്ചു. ഇതോടെയാണ് കടമുറികൾ ഒഴിയാൻ നോട്ടീസ് നൽകിയത്. ഒപ്പം കടമുറികളിൽനിന്ന് വാടക ഈടാക്കുന്നത് പഞ്ചായത്ത് നിർത്തുകയും ചെയ്തു.
പുതിയ കെട്ടിടത്തിൽ പഴയ വാടകക്കാർക്ക് കടമുറികൾ നൽകുന്നതിന് പഞ്ചായത്ത് രാജ് നിയമപ്രകാരം കരാർ എഴുതി ഉറപ്പ് നൽകാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടി നിയമോപദേശം നൽകിയിരുന്നു. പൊളിച്ചുമാറ്റിയ ശേഷം പുതിയ കെട്ടിടം നിർമിക്കുമ്പോൾ ബസ് സ്റ്റാൻഡ്, ശുചിമുറികൾ, പഞ്ചായത്ത് വിഭജനം നടന്നാൽ മുക്കൂട്ടുതറയിൽ ഓഫീസ് നിർമിക്കേണ്ടി വന്നാൽ അതിനുള്ള സൗകര്യം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കാവുന്ന സമഗ്രമായ പ്ലാൻ വേണമെന്ന് നിർദേശങ്ങളും ഉയർന്നിരുന്നു.
ഇനി ഹൈക്കോടതിയിൽ കേസിന്റെ തീർപ്പ് ഉണ്ടാകുമ്പോൾ കോടതി തീരുമാനം നടപ്പിലാക്കാൻ അടുത്ത ഭരണസമിതിയുടെ മുന്നിലേക്കാണ് വിഷയം എത്തുക. അതും വീണ്ടും നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കാം. നിലവിൽ അപകട ഭീഷണിയിൽ തുടരേണ്ട സ്ഥിതിയിലാണ് കെട്ടിടം.