വി.എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമകളുമായി രവീന്ദ്രൻ വൈദ്യർ
1578281
Wednesday, July 23, 2025 9:58 PM IST
കോരുത്തോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒളിവുകാല ജീവിതം ഓർത്തെടുക്കുകയാണ് കോട്ടയം ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമരസേനാനിയായ രവീന്ദ്രൻ വൈദ്യർ.
വർഷങ്ങൾക്കു മുമ്പ് കോരുത്തോട് ഗ്രാമത്തിലേക്ക് കുടിയേറിയ രവീന്ദ്രൻ വൈദ്യരുടെ ചെറുപ്പകാല ജീവിതം പൂഞ്ഞാറിലായിരുന്നു. തന്റെ കുടുംബവീടായിരുന്ന വലാനിക്കൽ തറവാട്ടിൽ അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.പി. ജോർജ്, സി.എസ്. ഗോപാലപിള്ള എന്നിവരോടൊപ്പമാണ് വി.എസ്. അച്യുതാനന്ദൻ പൂഞ്ഞാറിൽ എത്തിയത്.
പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടായിരുന്നു ഒളിവുജീവിതം. ദിവസങ്ങളോളം വാലാനിക്കൽ തറവാട്ടിൽ അച്യുതാനന്ദൻ താമസിച്ചു. പോലീസ് വിവരം മണത്തറിഞ്ഞതോടെ ഇട്ടുണ്ടൻ വൈദ്യരുടെ വലാനിക്കല് തറവാട്ടിൽനിന്നു സഹോദരിയുടെ കരിവാലിപ്പുഴ വീട്ടിലേക്ക് ഒളിവുജീവിതം മാറ്റി. ഇവിടെവച്ച് വി.എസ്. അച്യുതാനന്ദനെ പോലീസ് പിടികൂടി ഈരാറ്റുപേട്ട ജയിലിൽ അടച്ചു. അതിക്രൂരമായ പീഡനങ്ങളാണ് വി.എസ്. അച്യുതാനന്ദന് ജയിലിൽ അനുഭവിക്കേണ്ടിവന്നത്.
പോലീസിന്റെ മർദനത്തിൽ വി.എസ്. അച്യുതാനന്ദൻ മരിച്ചെന്നു കരുതി പൊന്തക്കാട്ടിൽ ഉപേക്ഷിക്കാനായി ജയിലിലെ ക്രിമിനൽ പുള്ളിയായിരുന്ന തടവുകാരൻ കോലപ്പനെ ഏൽപ്പിച്ചു. വി.എസിനെ ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് അനക്കം ശ്രദ്ധിച്ച കോലപ്പൻ ജീവനുണ്ടെന്ന് മനസിലാക്കി അദ്ദേഹത്തെ പാലാ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ലോകംകണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവായി വി.എസ്. അച്യുതാനന്ദൻ മാറിയപ്പോഴും ചെറുപ്പകാലത്തിൽ അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞതിന്റെ ഓർമകൾ രവീന്ദ്രൻ വൈദ്യർ കാത്തുസൂക്ഷിച്ചിരുന്നു. അന്ന് അച്യുതാനന്ദൻ നൽകിയ പ്രചോദനമാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും രവീന്ദ്രൻ വൈദ്യർ പറയുന്നു. സാധാരണക്കാർക്കുവേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗം ഏറെ വേദനയോടെയാണ് രവീന്ദ്രൻ വൈദ്യർ ഉൾക്കൊണ്ടത്.