സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷം: ബിസിനസ് കോൺക്ലേവ് 27ന്
1578292
Wednesday, July 23, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 27ന് വൈകുന്നേരം 4.30ന് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് എകെസിസി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള റബർ ലിമിറ്റഡ് എംഡിയും ചെയർമാനുമായ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ ചെയർമാനും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തും.
ഇടവകയിലെ സംരംഭകരുടെ സംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. 50 വർഷം പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽപ്പെട്ട ബിസിനസ് സംരംഭകരെ അന്നേദിവസം ആദരിക്കും. കാഞ്ഞിരപ്പള്ളി മേഖലയിൽനിന്നു ബിസിനസ് രംഗത്ത് മികച്ച നേട്ടം കൈവരിച്ച ആറ് പ്രമുഖ വ്യക്തിത്വങ്ങൾക്കും ഇതോടൊപ്പം ആദരവ് നൽകും.
അവരുടെ ബിസിനസ് വിജയത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പാനൽ ഡിസ്കഷനും ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, എസ്എംആർ ലാറ്റക്സ് സിഇഒ സണ്ണി ജേക്കബ്, ഡിബിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, റൈഗര് ഫൗണ്ടർ അജീഷ് ജോർജ്, ഇലോയിറ്റ് ഫൗണ്ടർ ഡോ. തോംസൺ ഫിലിപ്പ്, എപിഎസി ഹോങ്കോംഗിന്റെ എംഡി സാവിയോ ജോസഫ് പുൽപ്പേൽ എന്നിവരെയാണ് ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായ ജോ എ. സ്കറിയ പാനൽ ഡിസ്കഷൻ നിയന്ത്രിക്കും.
ഇടവകയിൽ പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുക എന്നതാണ് ബിസിനസ് കോൺക്ലേവിന്റെ ലക്ഷ്യം. എകെസിസി കത്തീഡ്രൽ യൂണിറ്റാണ് സംഘാടകർ. കത്തീഡ്രൽ ദേവാലയം രൂപീകൃതമായിട്ട് 200 വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് ദ്വിശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ജിജി പുത്തേട്ട്, പ്രോഗ്രാം ഡയറക്ടർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കുളം, വൈസ് പ്രസിഡന്റ് സാബു കൊച്ചുപുരയ്ക്കൽ പറമ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയിംസുകുട്ടി ആശാരിപ്പറമ്പിൽ, ജിജി പുതിയിടം, ജോഷി പുൽപ്പേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.