മീനച്ചിലാറ്റില്‍ നിര്‍നായ പെരുകി; മുന്നറിയിപ്പുമായി വനം വകുപ്പ്
1582062
Thursday, August 7, 2025 7:05 AM IST
കോട്ടയം: മീനച്ചിലാറ്റില്‍ നിര്നായകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി വനം വകുപ്പ്. കുളക്കടവുകള്‍, ആറിനോടു ചേര്‍ന്നുള്ള റോഡ് സൈഡുകള്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.
കുമരകം റോഡില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപമുള്ള കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന വേളൂര്‍ സ്വദേശി സി.ടി. കൊച്ചുമോന്റെ കാലില്‍ കഴിഞ്ഞ ദിവസം നിര്‍നായ കടിച്ചു പരിക്കേല്‍പ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ മാസം ആദ്യം നിര്നായയുടെ കടിയേറ്റു ചികിത്സ തേടിയ വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി മരണപ്പെട്ടിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതിനാല്‍ നീര്‍നായയെ വേട്ടയാടിയാല്‍ തടവും പിഴയും ലഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു. മീനച്ചിലാറ്റില്‍ പേരൂര്‍, പൂവത്തുംമൂട്, പാറമ്പുഴ പ്രദേശങ്ങളിലും നിര്‍നായ ശല്യമുണ്ട്. പ്രജനനകാലത്തും കുഞ്ഞുങ്ങളുണ്ടായ ശേഷവും നിര്നായകള് മനുഷ്യരെ അക്രമിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.