പ്രൊ-മെന്റർ പ്രോജക്ടുമായി പുഞ്ഞാർ സെന്റ് ആന്റണീസിലെ കുട്ടിപ്പോലീസ്
1582099
Thursday, August 7, 2025 11:25 PM IST
പൂഞ്ഞാർ: സിഎംഐ ഇയർ ഓഫ് എഡ്യുക്കേഷന്റെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ്, പ്രൊ-മെന്റർ, നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം എന്നീ പ്രോജക്ടുകൾ ആരംഭിക്കും. പ്രൊ-മെന്റർ പ്രോജക്ടിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കരിയർ രംഗത്തെ വിദഗ്ധരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. വിവിധ തൊഴിൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ആ രംഗത്തെ സാധ്യതകളും വെല്ലുവിളികളും അതിനായി പഠിക്കേണ്ട കോഴ്സുകളും അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവയ്ക്കും.
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചാവറ ഹാളിൽ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായി നടത്തുന്ന അർധദിന സെഷനുകളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം. താത്പര്യമുള്ളവർ 9895871371 എന്ന വാട്സാപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണം. പ്രോഗ്രാമുകൾ നടക്കുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കും.
പ്രൊ-മെന്റർ പ്രോജക്ട് പ്രഖ്യാപനം സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സിഎംഐ നിർവഹിച്ചു. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുന്നതിനുള്ള എസ്പിസി പ്രോജക്ടായ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം വാർഡ് മെംബർ അനിൽകുമാർ മഞ്ഞപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട എഎസ്ഐ കെ.എസ്. ഗീത, സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസി മൈക്കിൾ, പിടിഎ പ്രസിഡന്റ് എബി പൂണ്ടിക്കുളം, എസ്പിസി ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മരീന ഏബ്രഹാം, ഡ്രിൽ ഇൻസ്ട്രക്ടർ കെ.ബി. സനീഷ്, കേഡറ്റ് പ്രതിനിധികളായ ആൻസൻ സോമി, മെറിൻ ജോജി, അനുഷ്ക റെജി എന്നിവർ പ്രസംഗിച്ചു.