സിപിഐ ജില്ലാ സമ്മേളനത്തിന് വൈക്കത്ത് തുടക്കമായി
1582406
Friday, August 8, 2025 11:59 PM IST
വൈക്കം: സിപിഐ ജില്ലാ സമ്മേളനത്തിന് പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് തുടക്കമായി.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി ജില്ലാ സമ്മേളനത്തിന് വൈക്കം വേദിയായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് വൈക്കം വലിയ കവലയിൽനിന്ന് സമ്മേളനഗരിയിലേക്ക് റെഡ് വോളണ്ടിയർമാരുടെ പരേഡ് നടന്നു. സംഘാടകസമിതി പ്രസിഡന്റ് ജോൺ വി.ജോസഫ് പതാക ഉയർത്തി. കാനം രാജേന്ദ്രൻ നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അമേരിക്കയുടെ ഇറക്കുമതിതിരുവ വർധനവ് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ട്രംപിന് അനുകൂലമായി പ്രധാനമന്ത്രി മോദിനില കൊണ്ടിട്ടും രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാനായില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു. ആർ.രാജേന്ദ്രൻ, സി.കെ.ശശിധരൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ്കുമാർ എംപി,ജോൺ വി.ജോസഫ്, കെ.അജിത്ത്, എം.ഡി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്ന്രാവിലെ 9.30ന് വൈക്കം എൻഎസ്എസ് ഓഡിറ്റോറിയത്തിലെ ആർ. ബിജുനഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലയിലെ 11 മണ്ഡലം സമ്മേളനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10.30 ന് വലിയ കവലയിലെ പ്രത്യേകം തയാറാക്കിയ സ്ക്വയറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.
മുതിർന്ന നേതാവ് കെ.എസ്. മാധവൻ പതാക ഉയർത്തും. 11ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ്കുമാർ എംപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.