മഴ... കൃത്യമായി അറിയാന്‍ ‘ഐ ഇന്‍ ദി സ്കൈ’
1582336
Friday, August 8, 2025 7:36 AM IST
മഴപ്രവചനങ്ങള്‍ നല്‍കുന്നതിനായി എഐ അധിഷ്ഠിത പ്ലാറ്റ്ഫോം തയാറാക്കി ഐസിസിഎസ്
കോട്ടയം: നിര്‍മിതി ബുദ്ധിയുടെ സഹായത്തോടെ രണ്ടു മണിക്കൂര്‍ മുമ്പേ പ്രാദേശിക വിശദാംശങ്ങള്‍ സഹിതം കൃത്യമായി മഴസാധ്യത അറിയാനാകുന്ന കാലാവസ്ഥാ പ്രവചനം വരുന്നു.
കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐസിസിഎസ്) തത്സമയ മഴപ്രവചനങ്ങള്‍ നല്‍കുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്ഫോമായ ഐ ഇന്‍ ദി സ്കൈ ഐസിസിഎസ് നൗ കാസ്റ്റിംഗ് സിസ്റ്റം കാലാവസ്ഥ വെല്ലുവിളികളെ നേരിടാന്‍ തുണയേകും. മൊബൈല്‍ ആപ് വഴി ആളുകള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണിത് തയാറാക്കുന്നത്.
മഴ കൃത്യമായി പ്രവചിക്കാനാകുന്ന ഈ സംവിധാനത്തിനു പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിനു ജനങ്ങളെ സജ്ജരാക്കാന്‍ കഴിയും. തീവ്രമഴ സംബന്ധിച്ചും മണ്ണിടിച്ചില്‍ സംബന്ധിച്ചും സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നല്കാന് ദുരന്ത നിവാരണ അഥോറിറ്റിക്കടക്കം ഏറെ പ്രയോജനം ചെയ്യും.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്സിഎസ്ടിഇ) ഗവേഷണ വികസന ഉച്ചകോടിയില്‍ ഐസിസിഎസ് പദ്ധതി അവതരിപ്പിക്കുന്നുണ്ട്. കോട്ടയത്തു കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഐസിസിഎസ് കാലാവസ്ഥാമാറ്റങ്ങള്‍,
കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങള്‍, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച ഗവേഷണപ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുമായി സഹകരിച്ച് മിനി-പോര്‍ട്ടബിള്‍ വെതര്‍ സ്റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറില്‍ ഐസിസിഎസ് ഉടന്‍ ഒപ്പുവയ്ക്കും.
കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങള്ക്കൂടി പ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്കരിക്കുന്നതിനും ഐസിസിഎസിന് കഴിയുന്നുവെന്ന് ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന് പറഞ്ഞു.
കാലാവസ്ഥാ ഗവേഷണത്തിനുള്ള മുന്‍നിരകേന്ദ്രമാക്കി ഐസിസിഎസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കിഫ്ബി വഴി സംസ്ഥാനസര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. നിലവില്‍ കഞ്ഞിക്കുഴി ദീപ്തിനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടുത്തമാസം ഗാന്ധിനഗറിലേക്ക് മാറും.