ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശികകേന്ദ്രം ദേവമാതാ കോളജിൽ
1582367
Friday, August 8, 2025 11:30 PM IST
കുറവിലങ്ങാട്: അനേകായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും തുടർപഠനത്തിനും അവസരം സമ്മാനിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശികകേന്ദ്രം ദേവമാതാ കോളജിൽ പ്രവർത്തനം ആരംഭിക്കും. ഇതുസംബന്ധിച്ച അനുമതി ലഭിച്ചതായി കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിന്റും എൻഐആർഎഫ്, കെആർഎഫ് നിലവാരത്തിൽ ജില്ലയിൽതന്നെ മുൻനിരയിലുമുള്ള കോളജിന് സംസ്ഥാനത്തെ ആദ്യത്തെ വിദൂരവിദ്യാഭ്യാസ സർവകലാശാലയുടെ കേന്ദ്രമാകാൻ കഴിഞ്ഞത് വലിയ നേട്ടമായിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 32 കോഴ്സുകളിൽ 28 കോഴ്സുകൾക്കാണ് ദേവമാതാ കോളജിൽ അവസരം ലഭിക്കുക. കോളജിന്റെ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളും പുതിയ കോഴ്സുകളിലെത്തുന്ന പഠിതാക്കൾക്കായി പ്രയോജനപ്പെടുത്തും. അടുത്ത മാസത്തോടെ പ്രവേശനനടപടികൾ ആരംഭിക്കുമെന്ന് സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ റെനീഷ് തോമസ് പറഞ്ഞു.
കോളജിന് അനുവദിച്ചിട്ടുള്ള കോഴ്സുകൾ
ബിഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, അഫ്സൽ ഉൽ ഉലമ, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നാനോ എന്റർപ്രണർഷിപ്പ്, ബിസിഎ, ബിബിഎ, ബികോം.
എംഎ മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംകോം.