വിപിന്റെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം
1582349
Friday, August 8, 2025 7:45 AM IST
വൈക്കം: ലോക്കൽ പോലീസ് അന്വേഷണത്തിൽ കാര്യമായപുരോഗതി ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ ഫിഷ്ഫാം ഉടമയുടെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് മരണപ്പെട്ട വിപിന്റെ ഭാര്യയും മക്കളും. കുടുംബം സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
വൈക്കം തോട്ടകം അട്ടാറ പാലത്തിനു പടിഞ്ഞാറുഭാഗത്ത് കരിയാറിന്റെ കൈവഴിയോടു ചേർന്നുള്ള ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്റർ ഉടമ ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻ നായരെ(54) കഴിഞ്ഞ ജൂൺ ഒൻപതിനാണ് ഫാമിൽനിന്നു നൂറു മീറ്റർ അകലെ കരിയാറിന്റെ കൈവഴിയിൽ കാലിലും കഴുത്തിലും ഇഷ്ടിക കെട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് ആദ്യം മുതൽ വിപിൻ ജീവനൊടുക്കിയെന്ന നിഗമനത്തിലെത്താനാണ് ശ്രമിച്ചതെന്ന് വിപിന്റെ കുടുംബം ആരോപിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നപ്പോൾ അചഞ്ചലനായി നിന്ന വിപിന് കടങ്ങൾ വീട്ടിത്തുടങ്ങി വന്ന സമയത്ത് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വിപിനെ കാണാനില്ലെന്നു പരാതിപ്പെട്ടിട്ടും ആദ്യ മണിക്കൂറിൽ കാര്യമായ അന്വേഷണം പോലീസ് നടത്തിയില്ല.
ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കരിയാറിൽ തെരച്ചിൽ നടത്തിയത്. വിപിൻ ഫാമിൽ എത്തിയ അന്നുരാത്രി അവിടെ മറ്റാരൊക്കെയോ അവിടെ എത്തിയിരുന്നെന്നും അവരാണ് വിപിനെ അപായപ്പെടുത്തിയതെന്നുമാണ് ഭാര്യ അനില സംശയിക്കുന്നത്.