വൈക്കം റോഡ് റെയില്‍വേ സ്റ്റേഷൻ : പ്ലാറ്റ്ഫോമില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ തെന്നിവീഴുന്നു
1582344
Friday, August 8, 2025 7:36 AM IST
കടുത്തുരുത്തി: വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ വെള്ളം കെട്ടിനിന്നു യാത്രക്കാര്‍ തെന്നിവീഴുന്നത് പതിവായി. മഴ പെയ്യുന്ന ദിവസങ്ങളില്‍ റെയില്‍വേയുടെ മേല്‍പാലത്തില്‍നിന്നു വീഴുന്ന വെള്ളം പ്ലാറ്റ്ഫോമിലേക്കാണ് ഒഴുകിവരുന്നത്. ഇത്തരത്തില്‍ വെള്ളം ഒഴുകിവരുന്ന ഭാഗത്ത് പായല്‍ പിടിച്ചാണ് ഇതുവഴി നടന്നുവരുന്ന യാത്രക്കാര്‍ വീഴാനിടയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആളുകള്‍ ഇവിടെ കാല്‍വഴുതി വീഴുകയുണ്ടായി. ചിലര്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
പ്ലാറ്റ്ഫോമില്‍ വീണ് സ്ഥിരം യാതക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര മുടങ്ങിയ സംഭവങ്ങളുമുണ്ട്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ കാല്‍വഴുതി റെയില്‍വേ ട്രാക്കിലേക്ക് ആളുകള്‍ വീഴും. റെയില്‍വേ പ്ലാറ്റ് ഫോമിന് മുകളിലൂടെയുള്ള ആപ്പാഞ്ചിറ പാലത്തിലെ വെള്ളം ഒഴുകുന്ന ഭാഗങ്ങള്‍ അടയ്ക്കുകയോ മറ്റൊരു സ്ഥലത്തുകൂടി വെള്ളം ഒഴുകിപ്പോകാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് റെയില്‍വേ യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി എത്തുമെന്ന് നാട്ടുകാരും റെയില്‍വേ യാത്രക്കാരും പറഞ്ഞു.