ഓടാതെ ഒരു വർഷമായി എരുമേലിയിൽ ഹരിതകർമസേനയുടെ പുതിയ വാഹനം
1582096
Thursday, August 7, 2025 11:25 PM IST
എരുമേലി: എട്ട് ലക്ഷം രൂപയുടെ വാഹനം വാങ്ങി ഒരു വർഷമായിട്ടും ഉപയോഗിക്കാതെ എരുമേലി പഞ്ചായത്ത് അധികൃതർ. വാഹനം പഞ്ചായത്ത് ഓഫീസിനടുത്ത് റോഡരികിൽ ഇട്ടിരിക്കുകയാണ്. വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞു.
കഴിഞ്ഞ വർഷം മേയിലാണ് വാഹനം വാങ്ങിയത്. അജൈവ മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് ഹരിതകർമസേനയ്ക്കുവേണ്ടിയാണ് മഹീന്ദ്ര കമ്പനിയുടെ പുതിയ പിക്കപ്പ് വാൻ വാങ്ങിയത്. ഡ്രൈവറെ നിയമിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള നടപടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.
വൈകാതെ ഡ്രൈവറെ നിയമിച്ച് വാഹനം നിരത്തിലിറക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.
അതേസമയം ഭരണസമിതിയിലെ ഗുരുതരമായ അനാസ്ഥയാണ് ഒരു വർഷമായി വാഹനം ഉപയോഗിക്കാതിരുന്നതെന്ന് പ്രതിപക്ഷ അംഗം മാത്യു ജോസഫ് ആരോപിച്ചു. ഓടാതെ കിടന്നതുമൂലം ടയറുകൾ, ബാറ്ററി ഉൾപ്പെടെ ഇനി ഉപയോഗിക്കാനാവില്ലന്നും ഇതിന്റെ നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നും മാത്യു ജോസഫ് ആവശ്യപ്പെട്ടു.