നാലു സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു
1582132
Thursday, August 7, 2025 11:58 PM IST
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതുള്പ്പെടെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യ(67)നെ വീണ്ടും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 12 വരെയാണ് ഏറ്റുമാനൂര്‍ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചില്ലെന്നും അഭിഭാഷകനില്ലാത്തതിനാല്‍ തനിക്ക് നിയമസഹായം വേണമെന്നും സെബാസ്റ്റ്യന്‍ കോടതിയില്‍ പറഞ്ഞു.
പള്ളിപ്പുറത്തെ വീട്ടില്‍ കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം ഇന്നോ നാളെയോ അറിയാനാകും. ജെയ്നമ്മ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സെബാസ്റ്റ്യന്റെ വലയിലായശേഷം കാണാതായ ചേര്‍ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരെയെല്ലാം സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഏഴു ദിവസം കോട്ടയം ക്രൈം ബ്രാഞ്ച് തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. സെബാസ്റ്റ്യന്റെ ഭാര്യ സുബി, ചേര്‍ത്തലയിലെ സുഹൃത്തായ റോസമ്മ എന്നിവരെ വീണ്ടും ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് ഇന്നലെ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലും സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭന് എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ച് ആണ്. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, സിന്ധു, ഐഷ എന്നിവരുടെ തിരോധാനം അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.