കാൽ നൂറ്റാണ്ടിന്റെ ഓർമകൾ ചേർത്ത് സ്നേഹക്കൂടൊരുക്കാൻ ഈ ബികോം ബാച്ച്
1582098
Thursday, August 7, 2025 11:25 PM IST
കുറവിലങ്ങാട്: കൗമാരത്തിന്റെ ആവേശം ജ്വലിപ്പിച്ച കലാലയ ജീവിതത്തിന്റെ ഓർമകൾ കാൽ നൂറ്റാണ്ട് തികയ്ക്കുമ്പോൾ അവർ വീണ്ടും ആ പടികൾ കയറുകയാണ്. ദേവമാതാ കോളജിലെ 1997-2000 ബാച്ച് ബികോം വിദ്യാർഥികളാണ് പ്രിയകലാലയത്തിലേക്ക് വീണ്ടും എത്തുന്നത്. വിവിധ മേഖലകളിൽ ഉന്നതനിലയിൽ സേവനം ചെയ്യുന്നവരടക്കമുള്ള വിദ്യാർഥികളെല്ലാം സ്നേഹക്കൂടെന്ന സംഗമത്തിലെത്തും. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് നേതൃത്വം നൽകുന്നതെന്ന് പ്രതിനിധികളായ ജയിംസ് പുല്ലാപ്പള്ളി, റോബിൻ എണ്ണംപ്രായിൽ, അനീഷ് തോമസ്, അനീഷ് കുഴികൊമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെബ്സൈറ്റ് പ്രകാശനം, പുസ്തകപ്രകാശനം, കൈപ്പുസ്തക പ്രകാശനം എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഈ ബാച്ചിന്റെ നേതൃത്വത്തിൽ കോളജിൽ നടപ്പിലാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ഓരോവർഷവും രണ്ട് വിദ്യാർഥികളുടെ മുഴുവൻ പഠനച്ചെലവും സ്കോളർഷിപ്പുകളും ഈ ബാച്ച് നൽകുന്നുണ്ട്.
നാളെ 9.30ന് കോളജ് ഇ-ലേണിംഗ് ഹാളിലാണ് സ്നേഹക്കൂട് വിളിച്ചുചേർത്തിട്ടുള്ളത്. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, കൊമേഴ്സ് വിഭാഗം മുൻ മേധാവികളായ പ്രഫ. ടി.സി. കുര്യാക്കോസ്, പ്രഫ. ജോർജ് മാത്യു, വകുപ്പ്മേധാവി ഡോ. അനീഷ് മാത്യു, റോബിൻ ജോർജ് എണ്ണംപ്രായിൽ, അബിൻ കുര്യൻ പനങ്കുഴ, അനീഷ് ജോസഫ് എന്നിവർ പ്രസംഗിക്കും.