പഠനത്തോടൊപ്പം സംരംഭകരാകാന്‍ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
1582090
Thursday, August 7, 2025 11:25 PM IST
കാഞ്ഞിരപ്പളളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ പദ്ധതിയുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്. ഒരു വിദ്യാര്‍ഥി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുകയും കണ്ടെത്താനുളള തൊഴിലധിഷ്ഠിത പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ബ്ലോക്ക് പരിധിയിലുളള കാഞ്ഞിരപ്പള്ളി എസ്ഡി കോളജ്, എരുമേലി എംഇഎസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വിദഗ്ധ പരിശീലനം നല്കി ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതിയാണ് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ക്ലബ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം.
പദ്ധതിയുടെ ഭാഗമായി റബര്‍ ടെക്നോളജി, പ്ലാസ്റ്റിക് ടെക്നോളജി, ഭക്ഷ്യസംസ്കരണം, ബ്യൂട്ടീഷന് കോഴ്സ്, അഗ്രോ ഫുഡ് ലാബ് എന്നിവയാണ് പ്രാഥമികമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാഥമികമായി ഉള്‍പ്പെടുത്തിയ കോളജുകളല്ലാതെ മറ്റു വിദ്യാര്‍ഥികള്‍ക്കും തുടര്‍ന്നും അവസരം ഉറപ്പാക്കും.
പരിപാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഇന്നു രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തില്‍ നിർവഹിക്കും.
കോളജ് തലത്തില്‍ ഒഴിവു ദിനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ ഈ കോഴ്സുകള്‍ കുട്ടികള്‍ക്ക് പഠിക്കാവുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, മെംബർമാരായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനന്, ഷക്കീല നസീര്‍, ബിഡിഒ എസ്. സജീഷ്, വ്യവസായ വികസന ഓഫീസര്‍ കെ.കെ. ഫൈസല്‍, എസ്ഡി കോളജ് ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സാ ജോസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.