ക്രമരഹിത നിയമനം ചോദ്യംചെയ്തതിനു കള്ളക്കേസെന്ന്
1582405
Friday, August 8, 2025 11:59 PM IST
കോട്ടയം: പ്രമുഖ ബാങ്കില്‍ സ്വീപ്പര്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ക്രമരഹിതമായി ജീവനക്കാരെ നിയമിച്ചത് ചോദ്യം ചെയ്ത തനിക്കെതിരേ കള്ളക്കേസുകള്‍ നല്‍കിയെന്ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി കെ. സന്ദീപ്. അനധികൃതമായി നിയമനം ലഭിച്ചവരാണു കള്ളക്കേസുകള്‍ നല്‍കിയത്.
2014ല്‍ പരസ്യം നല്കി റിക്രൂട്ട്മെന്റ് സ്വീപ്പര്‍ അറ്റന്‍ഡര്‍ പോസ്റ്റിലേക്ക് നടത്തിയ നിയമനം അനധികൃതമായിരുന്നു.
പത്താം ക്ലാസ് വിജയിച്ചവരും പ്ലസ് ടു തോറ്റവര്ക്കുമാണു പ്രവേശനം നല്‍കേണ്ടത്. എന്നാല്‍ പ്ലസ് ടു, ഡിഗ്രി പരീക്ഷകള്‍ പാസായവര്‍ക്ക് പണം വാങ്ങി നിയമനം നല്കുകയാണുണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനത്തിലാണ് നിയമനം. പ്രാഥമിക അന്വേഷണത്തില്‍ 75 ലധികം ജീവനക്കാര്‍ അനധികൃതമായി പ്രവേശനം നേടിയെന്നു കണ്ടെത്തിയെന്നും സന്ദീപ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രവേശനം നേടിയവര്‍ പ്ലസ് ടു പാസായതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് റീജണല്‍ ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തു.
തനിക്കെതിരേ നല്കിയ പരാതികള്‍ വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി വെറുതേവിട്ടെങ്കിലും ബാങ്ക് ജീവനക്കാരുടെ ഭീഷണി തുടരുകയാണെന്നും സന്ദീപ് പറഞ്ഞു.