ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
1582404
Friday, August 8, 2025 11:59 PM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേല്‍ ബിന്ദുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം മന്ത്രി വി.എന്‍. വാസവന് വീട്ടിലെത്തി കൈമാറി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു വീടു സന്ദര്‍ശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭര്‍ത്താവ് കെ. വിശ്രുതന്‍, അമ്മ സീതമ്മ, മകന് നവനീത് എന്നിവര്‍ക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തെത്തുടര്‍ന്ന് അടിയന്തര സഹായധനമായി 50,000 രൂപ നേരത്തേ സര്‍ക്കാര്‍ നല്‍കിയിരുന്നു.
സി.കെ. ആശ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, എഡിഎം എസ്. ശ്രീജിത്ത്, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ഡാനിയേല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. മകള്‍ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്കി. മകന് നവനീതിന് ദേവസ്വം ബോര്‍ഡില്‍ ജോലി നല്കാന് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരം ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷ ലഭിച്ചാലുടന്‍ ജോലിയില്‍ പ്രവേശിപ്പിക്കും. എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടിന്റെ നിര്‍മാണം ഇന്നു തുടങ്ങും. സര്‍ക്കാരിന്റെ പിന്തുണയിലും സഹായത്തിലും ഏറെ തൃപ്തിയുണ്ടെന്ന് ഭര്‍ത്താവ് വിശ്രുതനും അമ്മ സീതമ്മയും പറഞ്ഞു.