പൊളിച്ചിട്ട റോഡിന്റെ പണി വൈകുന്നു ; പഞ്ചായത്ത് ഒാഫീസിൽ കുത്തിയിരിപ്പും പ്രതിഷേധവും
1582087
Thursday, August 7, 2025 10:38 PM IST
പാറത്തോട്: റോഡ് പണി വൈകുന്നതിൽ പ്രതിഷേധവുമായി ഗുണഭോക്താക്കൾ. പാറത്തോട് പതിനഞ്ചാം വാർഡിലുൾപ്പെട്ട കുന്നുംഭാഗം നിവാസികളാണ് പഞ്ചായത്ത് ഓഫീസിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചത്.
പ്രധാന വാതില്‍ ഉപരോധിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസിലേക്കു പ്രവേശിപ്പിക്കാതെ തടഞ്ഞും പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ പണി തുടങ്ങാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. നവീകരണം നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരനെ നീക്കം ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പൊളിച്ചിട്ട്
രണ്ടു മാസം
പാറത്തോട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ കുന്നുംഭാഗം പ്രദേശത്തേക്കുള്ള റോഡാണ് പൊളിച്ചിട്ടിരിക്കുന്നത്. പാറത്തോട്-ഇടക്കുന്നം റോഡില്‍ താമരപ്പടിയില്നിന്നു കുന്നുംഭാഗത്തേക്കു പ്രവേശിക്കുന്നതാണ് റോഡ്.
75-ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് പൊളിച്ചിട്ടതോടെ വാഹനങ്ങള്‍ താഴെ വച്ച് കയറിപ്പോകേണ്ട സ്ഥിതിയാണ്. കയറ്റം കുറച്ച് നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മേയ് മാസത്തില്‍ റോഡ് പൊളിച്ചത്.
10 ലക്ഷം രൂപയാണു നവീകരണത്തിന് അനുവദിച്ചത്. വാർഡ് മെംബർ ഷാലമ്മ ജയിംസ്, കൺവീനർ തങ്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുപ്പതോളം വരുന്ന കുടുംബങ്ങളുടെ പ്രതിഷേധം.