അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
1582092
Thursday, August 7, 2025 11:25 PM IST
മുണ്ടക്കയം ഈസ്റ്റ്: പശ്ചിമ ബംഗാളിൽ നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് ചങ്കരംചാത്ത് സ്വാതിനിവാസിൽ ആനന്ദൻ പി. തമ്പി (42) പെരുവന്താനം പോലീസിന്റെ പിടിയിൽ. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിധാൻ നഗർ പോലീസ് ഹോട്ടൽ ജീവനക്കാരനായ ആനന്ദനെ ഒന്നര മാസങ്ങൾക്കു മുമ്പ് കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ ഇവിടെനിന്ന് ജൂൺ 27 ന് ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകുംവഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്തുവച്ച് ഇയാൾ ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
ഇവിടെനിന്നു മുങ്ങിയ പ്രതി പിന്നീട് പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. വള്ളിയങ്കാവിൽ ഒരാൾ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവന്താനം സിഐ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.
പശ്ചിമ ബംഗാളിലെ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം കേരളത്തിലുള്ള ആനന്ദന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ഇതിന് കമ്മീഷൻ കൈപ്പറ്റിയശേഷം ബാക്കി തുക തട്ടിപ്പുകാരുടെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി നൽകുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്നു പറയുന്നു. പശ്ചിമ ബംഗാളിൽ എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തിയെങ്കിൽ മാത്രമേ ഇയാൾ ഏതൊക്കെ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പിന് കൂട്ടുനിന്നു എന്ന വിവരം വ്യക്തമാവുകയുള്ളൂ.
പശ്ചിമബംഗാൾ സംഘങ്ങളുമായി ചേർന്ന് കേരളത്തിൽനിന്നുള്ള ആളുകളുടെ പണം തട്ടിയിട്ടുണ്ടോ എന്ന വിവരവും തുടർന്നുള്ള അന്വേഷണത്തിലേ ബോധ്യമാവുകയുള്ളൂ.
പെരുവന്താനം സബ് ഇൻസ്പെക്ടർ സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, സിപിഒ മാരായ ജോമോൻ, സുനീഷ് എസ്. നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പോത്തന്നൂർ പോലീസിന് കൈമാറും.