സിപിഐ ജില്ലാ സമ്മേളനം; ചുവപ്പുസേനാ പരേഡും പൊതുസമ്മേളനവും ഇന്ന്
1582130
Thursday, August 7, 2025 11:58 PM IST
വൈക്കം: ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനമൊഴിയാന്‍ വി.ബി. ബിനു. ഇന്നു മുതല്‍ വൈക്കത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കും. നിലവിലെ സെക്രട്ടറി വി.ബി. ബിനു ഒരു ടേം കൂടി സെക്രട്ടറിയാകാന്‍ താത്പര്യമില്ലെന്നു കാണിച്ച് സംസ്ഥാന നേതൃത്വത്തിനു നേരത്തേ കത്തു നല്‍കിയിരുന്നു. കത്ത് സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കഴിഞ്ഞ സമ്മേളനത്തില്‍ വി.ബി. ബിനുവിനോടു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ എഐടിയുസി ജില്ലാ സെക്രട്ടറി കൂടിയായ വി.കെ. സന്തോഷ്കുമാറിനെയാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്.
എന്നാല്‍ നിലവിലെ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി. ജോസഫിനെ സെക്രട്ടറിയാക്കണമെന്ന നിര്‍ദേശവും ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. മത്സരം ഒഴിവാക്കി സമവായത്തില്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, ദേശീയ എക്സിക്യൂട്ടീവംഗം പി. സന്തോഷ്കുമാര്‍, മന്ത്രി കെ. രാജന്, മന്ത്രി പി. പ്രസാദ് എന്നിവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിനു തുടക്കം കുറിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം വലിയകവലയില്നിന്നു ബോട്ട് ജെട്ടി മൈതാനിയിലേക്ക് റെഡ് വോളണ്ടിയര്‍ പരേഡ് ആരംഭിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതാക, ബാനര്‍, കൊടിമര ജാഥകളും മാര്‍ച്ചിനൊപ്പം ബോട്ടുജെട്ടി മൈതാനിയില്‍ സംഗമിക്കും. തുടര്‍ന്ന് 5.15ന് സ്വാഗതസംഘം ചെയര്മാന് ജോണ്‍ വി. ജോസഫ് പതാക ഉയര്‍ത്തും.
തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന് മുഖ്യപ്രഭാഷണം നടത്തും. പി. വസന്തം, ആര്. രാജേന്ദ്രന്, കെ.കെ. അഷറഫ് എന്നിവര്‍ പ്രസംഗിക്കും. നാളെ രാവിലെ 10ന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. മറ്റന്നാള്‍ പുതിയ സെക്രട്ടറിയേയും ജില്ലാ കൗണ്‍സിലിനെയും തെരഞ്ഞെടുക്കും.