ഫാ. സുരേഷ് പട്ടേട്ട് സൗമ്യതയുടെ സേവന മുഖം
1582338
Friday, August 8, 2025 7:36 AM IST
അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖത്തിലായി പ്രിയപ്പെട്ടവർ
വെള്ളികുളം/കടുവാക്കുളം: സൗമ്യതയുടെ സേവന മുഖമായിരുന്നു എംസിബിഎസ് സന്യാസ സമൂഹാംഗമായ ഫാ. സുരേഷ് പട്ടേട്ട്. മുപ്പത്തിമൂന്നാം വയസിലെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി. എല്ലാവരോടും എപ്പോഴും പ്രസന്നഭാവത്തിൽ ഇടപെടുകയും സൗഹാർദം സൂക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹം അരുണാചൽപ്രദേശിൽ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്തുവരവേയാണ് രോഗത്തിന്റെ പിടിയിലായത്.
പാലാ വെള്ളികുളം ഇടവകാംഗമായ ഈ യുവമിഷനറി 2021 മുതൽ അരുണാചൽ പ്രദേശിൽ സേവനം ചെയ്തുവരികയായിരുന്നു. അവധി കഴിഞ്ഞ് അദ്ദേഹം അരുണാചലിലേക്ക് മടങ്ങിപ്പോയിട്ട് ഏതാനും ആഴ്ചകളേ ആയിയിരുന്നുള്ളൂ. ഇതിനിടയിൽ ഇദ്ദേഹമടക്കമുള്ള വൈദികർക്ക് ടൈഫോയ്ഡ് പിടിപെടുകയായിരുന്നു.
മികച്ച ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഒരാഴ്ച മുന്‍പ് ഗോഹട്ടിയിലെ നെംകെയർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് ഡൽഹി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രോഗം വഷളായി ലോകത്തോടു വിടപറഞ്ഞു. ഇദ്ദേഹത്തിന്റെ വിയോഗം ജന്മനാടായ വെള്ളികുളത്തും അദ്ദേഹം ശുശ്രൂഷ ചെയ്ത കടുവാക്കുളത്തും ഏറെപ്പേരെ നൊന്പരത്തിലാഴ്ത്തി. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ അദ്ദേഹം സഹായം എത്തിച്ചു നൽകിയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു.
വെള്ളികുളം പട്ടേട്ട് എമ്മച്ചന്‍ എന്നു സെബാസ്റ്റ്യന്റെയും മേരിക്കുട്ടിയുടെയും നാലു മക്കളില്‍ രണ്ടാമത്തെ മകനാണ് സുരേഷ് അച്ചന്. സ്കൂൾ പഠനത്തിനു ശേഷം എംസിബിഎസ് സഭയിൽ ചേർന്നു. 2020 ജനുവരി ഒന്നിന് വെള്ളികുളം പള്ളിയില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലില്നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
സുരേഷ് അച്ചന്റെ പിതാവ് എമ്മച്ചന്‍ മികച്ച ഒരു ശില്പിയാണ്. നിരവധി പള്ളികളുടെ അള്‍ത്താരയും രൂപങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. ആന്‍ മരിയ, തോമസ് (സച്ചു), അല്‍ഫോന്‍സ (ഐറിന് ) എന്നിവരാണ് സഹോദരങ്ങള്‍.