എസി റോഡിലെ മനയ്ക്കച്ചിറയിൽ വാഹനങ്ങളുടെ കൂട്ടയിടി; ഒരാൾക്കു പരിക്ക്
1582352
Friday, August 8, 2025 7:45 AM IST
ചങ്ങനാശേരി: എസി റോഡിൽ മനയ്ക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിലും സ്കൂട്ടറിലും ഇടിച്ച് അപകടം. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് പോയ മാരുതി കാറിൽ ആലപ്പുഴ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
അപകടശേഷം നിർത്താതെ പോയ ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാർ ബൈക്കിൽ ഇടിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയെങ്കിലും 100 മീറ്റർ അകലെ കോണ്ടൂർ റിസോർട്ടിനു മുന്നിൽ തനിയെ നിന്നു പോവുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മാരുതിക്കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ തന്റെയൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി പ്രദേശത്ത് തെരച്ചിൽ നടത്തി.
അപകടത്തിനിടയാക്കിയ എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും അപകട ശേഷം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഈ കാറിന്റെ മുൻവശം പൂർണമായി തകർന്ന് ടയറുകൾ ഇളകിയ നിലയിലാണ്. മാരുതിക്കാറിനും നാശം നേരിട്ടിട്ടുണ്ട്.