പനമ്പുകാട് കായലോരത്തെ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കണം
1582074
Thursday, August 7, 2025 7:16 AM IST
ഉദയനാപുരം: വൈക്കം - പനമ്പുകാട് റോഡിലെ കായലോരത്തുള്ള തകർച്ചാഭീഷണിയിലായ കലുങ്കിന്റെ സമീപറോഡ് കരിങ്കൽ സംരക്ഷണഭിത്തിയടക്കം കായലിലേക്ക് ഇടിഞ്ഞുതാണത് അപകടത്തിനിടയാക്കുന്നു.
കായലും നാട്ടുതോടും ചേരുന്ന ഭാഗത്ത് 30 വർഷം മുമ്പ് നിർമിച്ച കലുങ്ക് പാലം കാലപ്പഴക്കത്താൽ ജീർണിച്ച് കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ചു ദ്രവിച്ച കമ്പികൾ തെളിഞ്ഞ നിലയിലാണ്.
കലുങ്കിനോടു ചേർന്ന ഭാഗം മുതൽ 20 മീറ്ററോളം ദൂരം കരിങ്കൽക്കെട്ട് കായലിലേക്ക് ഇടിഞ്ഞുതാണ നിലയിലാണ്. വീതികുറഞ്ഞ റോഡിലൂടെ വരുന്ന വാഹനം കലുങ്കിറങ്ങുമ്പോൾ വാഹനം ഒതുക്കാനാകാതെ ഇരുചക്ര വാഹനയാത്രികർ കായലിൽ പതിക്കുന്ന സ്ഥിതിയിലാണ്.
ഏതാനും മാസങ്ങൾക്കു മുമ്പ് കലുങ്ക് ഇറങ്ങുന്നതിനിടയിൽ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ ഭാഗത്തുകൂടി കായലിലേക്കു പതിച്ചിരുന്നു. പ്രദേശവാസികൾ ഉടൻ കായലിൽച്ചാടി രക്ഷിച്ചതിനാൽ ആളപായം ഒഴിവായി.
കായലോരത്തെ കരിങ്കൽ സംരക്ഷണ ഭിത്തി പുനർനിർമിച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.