രങ്കനാഥനെ നെഞ്ചോടു ചേർത്തു കേരളം
1582131
Thursday, August 7, 2025 11:58 PM IST
ഈരാറ്റുപേട്ട: തമിഴില്‍ ബിരുദാനന്തര ബിരുദവും എംഎഡുമുള്ള തമിഴ്നാട് സ്വദേശി എം. രങ്കനാഥന് അവിടെ ജോലി കിട്ടാതെ ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസ് പരിസരം വൃത്തിയാക്കുന്ന ജോലി തുടങ്ങിയത് വാർത്തയായതോടെ രങ്കനാഥനെ തേടി അന്വേഷണങ്ങൾ. കഴിഞ്ഞ ദിവസം ജോലിക്കിടയില്‍ ഹെഡ്മിസ്ട്രസ് ഷീലാ സലിമിനോട് രങ്കനാഥന് ജീവിത കഥ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്കും വിസ്മയം. എംഎ, എംഡ് ബിദുരമുണ്ടെന്നും അധ്യാപകനാകാന്‍ ആഗ്രഹമുണ്ടെന്നും രങ്കനാഥന് പറഞ്ഞു.
ഇത്രത്തോളം വിദ്യാഭ്യാസമുള്ള കൂലിപ്പണിക്കാരന്റെ ജീവിതാധ്വാനം കുട്ടികള്‍ക്കു മുമ്പില്‍ പങ്കുവയ്ക്കാന്‍ ടീച്ചര്‍ രങ്കനാഥന് അവസരം കൊടുക്കുകയായിരുന്നു. ഇതു വാർത്തയായതോടെയാണ് ആളുകൾ രങ്കനാഥനെ അന്വേഷിച്ചുതുടങ്ങിയത്.
സ്കൂളിലെ
പുറംജോലി
തേനി സ്വദേശിയായ രങ്കനാഥന് ഉത്തമപാളയം കോംബൈ ആര്‍സി സ്കൂളിലാണു പഠിച്ചത്. പ്ലസ് ടുവിനു ശേഷം മധുര അമേരിക്കന്‍ കോളജില്‍നിന്നു തമിഴ് സാഹിത്യത്തില്‍ ഡിഗ്രിയും കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നു കറസ്പോണ്ടന്‍സായി പിജിയും മാര്‍ത്താണ്ഡം സെന്റ് ജോസഫ്സ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജില്‍നിന്നു ബിഎഡും ട്രിച്ചി ജീവന് കോളജ് ഓഫ് എഡ്യുക്കേഷനില്‍നിന്ന് എംഎഡും നേടി.
തുടര്‍ന്ന് കോംബൈ എസ്കെപി സ്കൂളില്‍ ഒരു വര്‍ഷം താത്കാലിക അധ്യാപക ജോലി നോക്കി. ആറായിരം രൂപയായിരുന്നു ശമ്പളം. അതും കൃത്യമായി കിട്ടിയിരുന്നില്ല. ഇതോടെ രങ്കനാഥന് പെരുമ്പാവൂരിലെത്തി പല പണികള്‍ ചെയ്യുന്നതിനിടെ കൂടുതല്‍ കൂലി പ്രതീക്ഷിച്ചാണ് ഈരാറ്റുപേട്ടയിലെത്തിയത്.
ഇപ്പോള്‍ ദിവസം 1,100 രൂപ കിട്ടുന്നു. തമിഴ്നാട്ടില്‍ 500-600 രൂപ മാത്രമാണ് കൂലി. ഈരാറ്റുപേട്ട സ്കൂളിലെ എല്ലാ പുറം ജോലികളും ഭംഗിയായി ചെയ്യുന്നു. പ്രധാനാധ്യാപികയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കു മുന്നില്‍ രങ്കനാഥന് തന്റെ ജീവിതം കൂട്ടിച്ചേര്‍ത്താണ് സംസാരിച്ചത്. പഠിച്ചാല്‍ ആരും തഴയപ്പെടില്ല.
ഇവിടെ കൂലിപ്പണിക്കാരനായിട്ടാണ് വന്നതെങ്കിലും നിങ്ങളോടു സംസാരിക്കാന്‍ അവസരം കിട്ടിയത് പഠിച്ചവനായതിനാലാണ്. വലിയ പ്രതീക്ഷയിലാണ് താന്‍ ജീവിക്കുന്നത് ഇവിടെ പണിയെടുത്ത് കിട്ടുന്ന തുക കൊണ്ട് എൽഎൽബി പഠിക്കണമെന്നാണ് ആഗ്രഹമെന്നും രങ്കനാഥന് പറഞ്ഞു.
സിനിമാമോഹം
തമിഴ്നാട്ടില്‍ ഉയര്‍ന്ന ജോലി കിട്ടിയില്ലെങ്കിലും തമിഴ് ഭാഷയെയും സംസ്ഥാനത്തെയും തള്ളിപ്പറയാൻ രങ്കനാഥനില്ല. സമയം കിട്ടുമ്പോഴൊക്കെ തമിഴ് പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യും.
തമിഴില്‍ പ്രസംഗിക്കും. തമിഴ് താരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും ഡാന്‍സ് കളിക്കും. പരമ്പരാഗത തമിഴ് ആയോധന കലയായ സിലമ്പവും വശമുണ്ട്. സിനിമാ തിരക്കഥ എഴുതണമെന്ന അഗ്രഹവും രങ്കനാഥനുണ്ട്. കൈയില്‍ നല്ല കഥകളുണ്ട്. മെഡിക്കല്‍ ലാബ് ടെക്നീഷനായ സെല്‍വിയാണ് ഭാര്യ. മകന് എല്‍കെജി വിദ്യാര്‍ഥി ദേശിഹന്.