അധിക വാറന്റി കാലയളവില്‍ സേവനം നിഷേധിച്ച കമ്പനിക്ക് പിഴയിട്ട് കമ്മീഷന്
1582067
Thursday, August 7, 2025 7:05 AM IST
കോട്ടയം: അധിക വാറന്റി കാലയളവില്‍ കേടായ ടിവി നന്നാക്കി നല്‍കാതിരുന്നതിനു സോപ്പര്‍ നോയിഡ എന്ന കമ്പനിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. കറുകച്ചാല്‍ സ്വദേശി മാത്യു നല്കിയ പരാതിയിലാണ് ഉത്തരവ്.
30 ദിവസത്തിനുള്ളില്‍ ടിവി പ്രവര്‍ത്തനക്ഷമമാക്കി നല്‍കുകയോ ഒന്‍പത് ശതമാനം പലിശയോടുകൂടി 10,000 രൂപ തിരികെ നല്‍കുകയോ ചെയ്യണം. നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്കായി 2,000 രൂപയും നല്‍കണം. 2021 ഓഗസ്റ്റ് 20 ന് തിരുവല്ലയിൽനിന്ന് 25,500 രൂപയ്ക്ക് ഒരു വര്‍ഷ വാറണ്ടിയുള്ള എം വണ്‍ ടിവിക്കു സോപ്പര്‍ നോയിഡ എന്ന കമ്പനിയുടെ രണ്ടുവര്‍ഷത്തെ അധിക വാറന്റി മാത്യു എടുത്തിരുന്നു.
2024 ഫെബ്രുവരിയില്‍ ടിവി തകരാറിലായി. ഏപ്രിലില്‍ സോപ്പര്‍ നോയിഡ കമ്പനി ഡിസ്പ്ലേ മാറ്റി നല്‍കിയെങ്കിലും മൂന്നാഴ്ചക്കുശേഷം തകരാര്‍ ആവര്‍ത്തിച്ചു. ഇത് കമ്പനിയെ അറിയിച്ചപ്പോള്‍ പരാതി നിരസിച്ചതോടെയാണ് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്.
പരാതി വിശദമായി പരിശോധിച്ച അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോഎന്നിവര് അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന് വാറന്റി പീരിയഡില്‍ നല്‍കേണ്ട സേവനം സോപ്പര്‍ നോയിഡ നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവിടുകയായിരുന്നു.