കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി രാത്രികാല ആംബുലൻസ് സർവീസ് പുനസ്ഥാപിക്കണമെന്ന്
1582097
Thursday, August 7, 2025 11:25 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി രാത്രികാല ആംബുലൻസ് സർവീസ് പുനസ്ഥാപിക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി. ഹരിലാൽ ആവശ്യപ്പെട്ടു. ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി
എട്ടിനുശേഷം ആംബുലൻസ് സർവീസ് ഇല്ല എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. നൂറുകണക്കിന് സാധാരണക്കാരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നത്.
വൈകിട്ട് എട്ടുവരെ മാത്രമാണ് നിലവിൽ ആംബുലൻസ് സർവീസുകൾ നടത്തുന്നത്. താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന സാധാരണക്കാരന്റെ അവസ്ഥ അത്യന്തം പരിതാപകരമാണ്. രാത്രിയിൽ സ്വകാര്യ ആംബുലൻസുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.
മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ആംബുലൻസ് സർവീസ് രാത്രിയിൽ നടത്താൻ സാധിക്കുന്നില്ല എന്ന അധികൃതരുടെ ന്യായം പ്രതിഷേധാർഹമാണ്. രണ്ട് ആംബുലൻസുകൾ സർവീസ് നടത്തിയിരുന്നതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതും രാത്രി എട്ടുമുതൽ ലഭ്യമല്ല.
രാത്രികാല ആംബുലൻസ് സർവീസുകൾ ഉടൻ പുനസ്ഥാപിക്കണമെന്നും അപകടത്തിനു ശേഷമുള്ള അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്ന രണ്ടാമത്തെ ആംബുലൻസും ഉടൻ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജി ഹരിലാൽ ആവശ്യപ്പെട്ടു.