നേരേകടവ്-മാക്കേക്കടവ് കായൽ പാലം 80 ശതമാനം നിർമാണം പൂർത്തിയായി
1582346
Friday, August 8, 2025 7:45 AM IST
വൈക്കം: ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലത്തിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി.
നിർമാണവുമായി ബന്ധപ്പെട്ട 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേക്കടവിൽ കരയിൽ നിർമിച്ചശേഷമാണ് കായലിനു മുകളിൽ സ്ഥാപിക്കുന്നത്. 22 സ്പാനുകളിൽ (നാല് ഗർഡറുകൾ ചേരുന്ന ഭാഗം) 15 എണ്ണം സ്ഥാപിച്ചു. ഇതിൽ 13-ാമത്തെ സ്പാനിന്റെ കോൺക്രീറ്റിംഗാണ് ഇപ്പോൾ നടന്നുവരുന്നത്.
വേമ്പനാട്ടുകായലിന് കുറുകെ 800 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 2026 ആദ്യത്തോടെ നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലാണ് നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച് മാസമാണ് പുനരാരംഭിച്ചിത്. പ്രതീക്ഷിച്ചതിലും വേഗത്തിലാന്ന് നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു.