പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ മതില് ഇടിഞ്ഞുവീണു
1582072
Thursday, August 7, 2025 7:16 AM IST
കടുത്തുരുത്തി: പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം പ്ലാറ്റ് ഫോമിനോടു ചേര്‍ന്നുള്ള മതില് ഇടിഞ്ഞുവീണു. ഏകദേശം 200 മീറ്റര്‍ നീളമുള്ള മതിലിന്റെ നടുഭാഗമാണ് കഴിഞ്ഞദിവസം രാത്രി തകര്‍ന്നത്.
മതിലിന്റെ നിര്‍മാണത്തിലെ അപാകതകളാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് ആക്ഷേപമുണ്ട്. സമീപത്തുള്ള റോഡിലേക്കു മതില് ചാഞ്ഞാണ് നില്‍ക്കുന്നത്. മതിലിന്റെ അടിഭാഗത്ത് വിള്ളലുകള്‍ കാണാം. ശേഷിക്കുന്ന മതില് ഭാഗങ്ങങ്ങളും എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. രാത്രിയായതിനാല്‍ മതില് ഇടിഞ്ഞു വീണ സമയത്ത് വാഹനങ്ങള്‍ ഒന്നും ഇതുവഴി സഞ്ചരിക്കാത്തതിനാല്‍ അപകടം ഒഴിവായി.