നിരീക്ഷണ കാറകൾ ഗുണനിലവാരമില്ലാത്തതെന്ന്
1582073
Thursday, August 7, 2025 7:16 AM IST
തലയോലപ്പറമ്പ്: മാലിന്യനിക്ഷേപം കണ്ടെത്തുന്നതിനായി പഞ്ചായത്ത് തലയോലപ്പറമ്പിൽ സ്ഥാപിച്ച കാമറകൾ ഗുണനിലവാരമില്ലാത്തതാണെന്ന് ആരോപണം. 9.5 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ 20 സോളാർ നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്.
പൊതുവിപണിയിൽ 13,500 രൂപയ്ക്ക് ലഭിക്കുന്ന കാമറകൾ തലയോലപ്പറമ്പിലെ ഏജൻസി തൊടുപുഴ നഗരസഭയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതേ ഗുണനിലവാരമുള്ള കാമറ 45,000 രൂപയ്ക്കാണ് തലയോലപ്പറമ്പ് പഞ്ചായത്ത് സ്ഥാപിച്ചതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
പദ്ധതി നടത്തിപ്പിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോസ് വേലിക്കകം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഡി. ദേവരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.