സമ്മേളനം ആത്മവിമര്‍ശനത്തിന്റെ വേദിയാകും
1582407
Friday, August 8, 2025 11:59 PM IST
കോട്ടയം: വൈക്കത്ത് കൊടിയേറിയ സിപിഐ ജില്ലാ സമ്മേളനം ഇന്നും നാളെയും ആത്മവിമര്‍ശനത്തിന്റെയും ആശങ്കകളുടെയും വേദിയാകും. ഇതോടകം പൂര്‍ത്തിയായ 11 ജില്ലാസമ്മേളനങ്ങളിലും നിലവിലെ ഭരണം തൃപ്തികരമല്ലെന്നും സിപിഐയുടെ നാലു മന്ത്രിമാരും പരാജയമാണെന്നുമുള്ള വിമര്‍ശനമാണ് പ്രതിനിധി ചര്‍ച്ചകളില്‍ ഉയര്‍ന്നത്.
നെല്ല് ഉള്‍പ്പെടെ കാര്‍ഷികമേഖലയിലെ തകര്‍ച്ച സമ്മേളനം നടക്കുന്ന വൈക്കം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ജനപിന്തുണ നഷ്ടമാകാന്‍ കാരണമായി. നാല് മാസം മുന്‍പ് നെല്ലു വിറ്റ് പണം കിട്ടാത്തവരും 30 കിലോ നെല്ല് മില്ലുകാര്‍ക്ക് കിഴിവുകൊടുക്കേണ്ടിവന്നവരും സമ്മേളനത്തില്‍ നഷ്ടാനുഭവങ്ങള് നിരത്തുമെന്നാണു സൂചന.
സിപിഐ സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടിയിലും മുന്നണിയിലും പരാജയമാണെന്നുമുള്ള വിമര്‍ശനം സ്വന്തം ജില്ലയിലും ആവര്‍ത്തിക്കാം. സിപിഎം മേധാവിത്വത്തിന് അടിയറവു പറഞ്ഞതിനാല്‍ അര്‍ഹമായ വിഹിതം സിപിഐയുടെ വകുപ്പുകള്‍ക്ക് വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല.പൊതുവിതരണരംഗത്തെ പരാജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കാമെന്ന വിമര്‍ശനം എല്ലാ ജില്ലകളിലുണ്ടായി. മാവേലി സ്റ്റോറുകള്‍ പൂച്ച പ്രസവിക്കാനുള്ള ഇടങ്ങളായെന്നും അവിടെ പാറ്റകള്വരെ പട്ടിണിയിലാണെന്നുമാണ് കൊല്ലം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
കൊല്ലത്ത് സ്കൂളില്‍ കുട്ടി ഷോക്കേറ്റു മരിച്ചത് കുട്ടിയുടെ അശ്രദ്ധ മൂലമാണെന്ന അനവസര പ്രതികരണം വന്നപ്പോഴാണ് ചിഞ്ചുറാണി എന്നൊരു മന്ത്രിയുണ്ടെന്ന് ജനങ്ങള്‍ മനസിലാക്കിയതെന്നു വരെ കൊല്ലത്ത് ആക്ഷേപം ഉയര്‍ന്നു.
കേരള കോണ്‍ഗ്രസ്-എമ്മിന് സിപിഎം ജില്ലയില്‍ അധികപരിഗണന നല്‍കുന്നുവെന്നതായിരുന്നു കഴിഞ്ഞ ജില്ലാ സമ്മേളനത്തിലെയും വിമര്‍ശനം. സിപിഐയ്ക്ക് ലഭിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് (പഴയ വാഴൂര്‍) മാണി വിഭാഗത്തിന നല്‍കിയോടെ വൈക്കത്തു മാത്രമാണ് അരിവാള്‍ നെല്ക്കതിര് ശേഷിക്കുന്നത്.
വാഴൂരില്‍ പാര്‍ട്ടിക്ക് ഇതോടെ സംവിധാനവും പ്രവര്‍ത്തവും കുറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഐക്ക് ജില്ലയില്‍ പരിഗണന ലഭിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടനുവേണ്ടി സിപിഎം ഉണര്‍ന്നു പ്രവര്‍ത്തിക്കാതെ വന്നതിനാല്‍ അര ലക്ഷം എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. അതേസമയം സിപിഐയുടെ ശക്തികേന്ദ്രമായ വൈക്കത്തുമാത്രം ചാഴികാടന് ലീഡ് നേടിക്കൊടുക്കാനായി. റബര്‍ മേഖലയിലെ ആശങ്കകളും പ്രതിനിധികള്‍ ഉന്നയിക്കും.