അപകടകരമായി ചാഞ്ഞുനിന്ന വൈദ്യുതിത്തൂണുകൾ പിഴുതുമാറ്റി
1582069
Thursday, August 7, 2025 7:16 AM IST
പെരുവ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അപകടക്കെണിയൊരുക്കി റോഡിലേക്കു ചാഞ്ഞുനിന്ന വൈദ്യുതി തൂണുകള്‍ കെഎസ്ഇബി അധികൃതര്‍ പിഴുതു മാറ്റി. ലൈനുകള്‍ പുതിയ പോസ്റ്റുകളിലേക്കു മാറ്റിയിട്ടും അപകടാവസ്ഥയില്‍ റോഡിലേക്കു ചാഞ്ഞുനില്ക്കുന്ന പോസ്റ്റുകള്‍ സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
കെഎസ്ഇബി പെരുവ സബ് ഡിവിഷന്റെ കീഴിലുള്ള കുന്നപ്പള്ളി ആക്യമാലി ജംഗ്ഷനില്‍നിന്നു മടത്താട്ട് കോളനി വരെയുള്ള വൈദ്യുതി തൂണുകളാണ് റോഡിലേക്കു മറിഞ്ഞുവീഴാറായ നിലയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്നത്. ഇതിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്കു സ്ഥാപിച്ചെങ്കിലും ചരിഞ്ഞുനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചരിഞ്ഞു നില്ക്കുന്ന നിരവധി തൂണുകള്‍ മാറ്റിസ്ഥാപിച്ച വൈദ്യുതി ലൈനിന്റെ മധ്യത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വൈദ്യുതത്തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ പൊട്ടിവീഴാന്‍ സാധ്യത ഏറെയായിരുന്നു.