എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്റർ നവീകരണത്തിനായി 1.65 കോടി
1582095
Thursday, August 7, 2025 11:25 PM IST
എരുമേലി: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ എരുമേലി കൊരട്ടിയിലുള്ള പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണത്തിനായി 1.65 കോടി രൂപ ടൂറിസം വകുപ്പില്‍നിന്ന് അനുവദിച്ചതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ.
ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായുള്ള സെന്ററിന്റെ ഭാഗമായി നാലര ഏക്കര്‍ സ്ഥലത്ത് അഞ്ചു കെട്ടിടങ്ങളും 80 മുറികളുള്ള നാല് ടോയ്ലറ്റ് കോംപ്ലക്സുകളും നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോണ്‍ക്രീറ്റിംഗും കിടങ്ങുകളുടെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുന്നതിനാണ് 1.65 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്സുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഓപ്പണ്‍ ബാത്ത് ഏരിയ നവീകരിക്കുകയും ചെയ്യും.
നാലു ഡോര്മറ്ററികളുടെ നവീകരണം, സംരക്ഷണഭിത്തി, അടുക്കള നവീകരണം, മാലിന്യ സംസ്കരണ സംവിധാനം, പുതിയ കവാടം, പൂന്തോട്ട നിര്‍മാണം, വൈദ്യുതീകരണം, പ്ലംബിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും നിര്‍വഹിക്കും.
ശബരിമല തീര്‍ഥാടകരുടെ സൗകര്യം കണക്കാക്കിയാണു പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സില്ക്കിനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.