വൈക്കത്തെ രണ്ടു സ്കൂളുകളിൽ സ്റ്റേഡിയം നിർമാണോദ്ഘാടനം 14ന്
1582071
Thursday, August 7, 2025 7:16 AM IST
വൈക്കം: സംസ്ഥാന സർക്കാരിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി വൈക്കത്ത് അനുവദിച്ച രണ്ടു സ്റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടനം 14ന് കേരള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.
2.5 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന വൈക്കം തെക്കേനട ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 10.30നും രണ്ടു കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന വൈക്കം വെസ്റ്റ് ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം രാവിലെ 11.30നും നടക്കും.
രണ്ടു സ്കൂൾ സ്റ്റേഡിയങ്ങളിലും ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ അടക്കമുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. വൈക്കം തെക്കേനട ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേഡിയത്തിനു പുറമേ ഒരു അത്ലറ്റിക് ട്രാക്കും ലോംഗ്ജംപ് പിറ്റടക്കം നിര്‍മിക്കുന്ന രീതിയിലാണ് പ്ലാന്‍ തയാറാക്കിയിട്ടുള്ളത്.
സർക്കാർ മേഖലയിലെ ആദ്യത്തെ ടർഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം അക്കരപ്പാടത്ത് കായികവകുപ്പ് മന്ത്രി നിർവഹിച്ചിരുന്നു. വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനം അവസാനഘട്ടത്തിലാണ്.