തെങ്ങണയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കവേ വൈദ്യുതലൈനില്‍ തട്ടി; രണ്ടുപേര്‍ക്കു ഷോക്കേറ്റു
1582351
Friday, August 8, 2025 7:45 AM IST
ചങ്ങനാശേരി: പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ബോര്‍ഡ് ചെരിഞ്ഞ് ട്രാന്‍സ്ഫോര്‍മറിലെ 11 കെവി ലൈനിലേക്കുവീണ് രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ രാജേഷ്(28), ജിത്തു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് തെങ്ങണ ജംഗ്ഷനിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ബോക്സ് രൂപത്തിലുള്ള ഫ്ളെക്സ് ബോര്‍ഡ് ഇരുമ്പുപൈപ്പില്‍ സ്ഥാപിക്കുമ്പോള്‍ ബോര്‍ഡ് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്കുള്ള 11 കെവി ലൈനില്‍ തട്ടുകയായിരുന്നു. വസ്ത്രസ്ഥാപനത്തിനുവേണ്ടി സ്ഥാപിച്ച ട്രാന്‍സ്ഫോർമറിലാണ് ബോര്‍ഡ് മുട്ടിയത്.
വൈദ്യുതാഘാതമേറ്റ രാജേഷ് ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനു പുറത്തേക്കും ജിത്തു വേലിക്കെട്ടിനകത്തേക്കും വീണു. അബോധാവസ്ഥയിലായ രാജേഷിന് സംഭവസ്ഥലത്തുണ്ടായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ തെങ്ങണ നടപ്പുറം അഭിലാഷ് സിപിആര്‍ നല്‍കിയതോടെ ബോധം തിരികെക്കിട്ടി. തുടര്‍ന്ന് രാജേഷിനെ ഓട്ടോറിക്ഷയില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പിന്നാലെ ഇതുവഴി എത്തിയ പാമ്പാടി ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ വാഹനം അഭിലാഷ് കൈകാണിച്ചുനിര്‍ത്തി സഹായമഭ്യര്‍ഥിച്ചു. ഫയര്‍ഫോഴ്സിന്റെയും അപകട വിവരമറിഞ്ഞെത്തിയ കെഎസ്ഇബി തെങ്കണ സെക്ഷനിലെ ജീവനക്കാരുടേയും സഹായത്തോടെ വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് ട്രാന്‍സ്ഫോർമറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ ജിത്തുവിനെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാജേഷിന്റെ കൈവെള്ളയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ജിത്തുവിന് നിസാര പരിക്കേയുള്ളൂ.