ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിര്‍മാണം അവസാനഘട്ടത്തില്‍
1582345
Friday, August 8, 2025 7:36 AM IST
വെള്ളൂര്‍: പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടില്‍ മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സ്റ്റേഡിയം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ 2020-21ലെ ബജറ്റില്‍ കായികവകുപ്പിന് പ്ലാന്‍ ഫണ്ട് വഴിയാണ് സ്റ്റേഡിയം നിര്‍മാണത്തിനു തുക അനുവദിച്ചത്.
ഗാലറിയുടെ നവീകരണം, മഡ്ഫുട്ബോള്‍ കോര്‍ട്ട്, ഫ്ളഡ് ലൈറ്റിംഗ്, എല്‍ഇഡി ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ശുചിമുറി, ഗേറ്റ്, ഡ്രെയ്നേജ്, ഫെന്‍സിംഗ് എന്നി സൗകര്യങ്ങളാണ് സ്റ്റേഡിയം സമുച്ചയത്തില്‍ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികള്‍ നിലവില്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തില്‍ സോളാര്‍ ലൈറ്റിംഗ് സിസ്റ്റവും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളും ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. മന്ത്രി വി. അബ്ദുറഹ്മാനാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നിര്‍വഹണ ഏജന്‍സി. സെപ്റ്റംബര്‍ അവസാനത്തോടെ സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക എന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
വൈക്കം നിയോജക മണ്ഡലത്തില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം കഴിഞ്ഞ മാസമാണു തുറന്നുകൊടുത്തത്. വൈക്കം തെക്കേനട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗവണ്മെന്റ് വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി നിര്‍മിക്കാനുളള നടപടികളും പൂര്‍ത്തിയായിവരികയാണെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു.