മാഞ്ഞൂര്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് നടത്തിയ വാഹനങ്ങള്‍ അധികൃതരെത്തി പിടികൂടി
1582070
Thursday, August 7, 2025 7:16 AM IST
കോതനല്ലൂര്‍: ജില്ലയില്‍ മണ്ണു ഖനന നിരോധനം നിലനില്‍ക്കേ മാഞ്ഞൂര്‍ പഞ്ചായത്തില്‍ മണ്ണെടുപ്പു നടത്തിയ വാഹനങ്ങള്‍ റവന്യു, പോലീസ് അധികൃതരെത്തി പിടികൂടി. മാഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നതായി വിവരമറിഞ്ഞെത്തിയാണ് നടപടി. ജില്ലാ കളക്ടര്‍ക്കു ലഭിച്ച പരാതിയില്‍ പരിശോധനയ്ക്കെത്തിയ സംഘം നാലു ടിപ്പര്‍ ലോറികളും രണ്ടു ജെസിബിയും പിടിച്ചെടുത്തു. മാഞ്ഞൂര്‍ പഞ്ചായത്തിലെ കൊണ്ടൂകാലാ ഭാഗത്തു നിന്നുമാണ് ലോറികളും ജെസിബിയും പിടികൂടിയത്.
പോലീസ് വേഷം മാറിയെത്തിയാണ് വാഹനങ്ങള്‍ പിടികൂടിയത്. വീടു നിര്‍മാണത്തിനെന്ന പേരില്‍ അനുമതി വാങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നു വ്യാപകമായി മണ്ണു കടത്തുകയാണ്. അനധികൃതമായെടുക്കുന്ന മണ്ണുമായുള്ള ടിപ്പര്‍ ലോറികളുടെ ഓട്ടത്തില്‍ ഗ്രാമീണ റോഡുകള്‍ പലതും വ്യാപകമായി തകര്‍ന്നിരിക്കുയാണ്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ജില്ലയില്‍ ഇന്നലെ വരെ ഖനന നിരോധനം നില്നില്ക്കുകയാണ്. ഇതു കാറ്റില്‍പ്പറത്തിയാണ് അനധികൃത മണ്ണെടുപ്പ് നടത്തിയിരുന്നത്.
മൂന്നു ദിവസത്തിലേറേയായി കനത്ത മഴയത്തും മണ്ണെടുപ്പ് നടക്കുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു, പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വാഹനങ്ങള്‍ പിടികൂടിയത്.
തുടര്‍ന്ന് സ്ഥല ഉടമയ്ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയതായും കോതനല്ലൂര്‍ വില്ലേജ് ഓഫീസര്‍ അറിയിച്ചു. പഞ്ചായത്തില്‍നിന്നും റവന്യു വകുപ്പില്‍നിന്നും മറ്റു വകുപ്പുകളില്‍നിന്നും ഭവന നിര്‍മാണത്തിനെന്ന പേരില്‍ പെര്‍മിറ്റും അനുമതിയും വാങ്ങി മണ്ണും, കല്ലുമെടുക്കുന്ന സംഘം സജീവമാണെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മുമ്പും പലതവണ ഇത്തരക്കാരെ പിടികൂടിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ വീണ്ടും സജീവമാകുകയാണ് പതിവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണ്, കല്ല് ഖനനം നടത്തുന്ന വാഹനങ്ങള്‍ക്ക് പലതിനും ശരിയായ രേഖഖകളില്ലെന്നും പിടികൂടുന്ന വാഹനങ്ങള്‍ പിഴയടച്ചു പുറത്തിറക്കി വീണ്ടും ഇതേ പണികള്‍ നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടത്തുന്ന സംഘം മാഞ്ഞൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും പറയുന്നു.