ബൈബിൾ പകർത്തിയെഴുതി ചരിത്രം കുറിക്കാൻ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികൾ
1582342
Friday, August 8, 2025 7:36 AM IST
കോട്ടയം: ബൈബിള്‍ 6800 പേര് ചേര്‍ന്ന് പകര്‍ത്തിയെഴുതി ചരിത്രത്തിന്റെ ഭാഗമാകാന്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും. മലങ്കര ഓര്‍ത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ഡേസ്കൂള് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് സൺഡേസ്കൂള് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വിശുദ്ധ വേദപുസ്തകം പകര്‍ത്തിയെഴുതുന്നത്.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, വൈദികര്‍, ഭാരവാഹികള്‍ അടക്കം 6800 വിശ്വാസികളാണ് 40 ദിവസത്തെ ആത്മീയ ഒരുക്കത്തിനുശേഷം 10നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഒരേസമയം വിശുദ്ധ വേദപുസ്തകം കൈയെഴുത്തായി എഴുതുന്നത്. പാമ്പാടി മേഖലയിലെ പങ്ങട സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് വചനമെഴുത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പകര്‍ത്തിയെഴുതുന്ന ബൈബിള്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ ശതോത്തര സുവര്‍ണ ജൂബിലിയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കും. ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഡോ. തോമസ് പി. സഖറിയ, ഡയറക്ടര്‍ വിനോദ് എം. സഖറിയ, സെക്രട്ടറി കുര്യാക്കോസ് തോമസ്, ജനറല്‍ കണ്‍വീനര്‍മാരായ ഏബ്രഹാം ജോണ്‍,
അജിത് മാത്യു, വി.വി. വര്‍ഗീസ്, ഇടവക വൈദികര്‍ ഡിസ്ട്രിക്ട് പ്രസിഡന്റുമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സെക്രട്ടറിമാര്‍, ഹെഡ്മാസ്റ്റര്മാര്, മെല്‍ സോ കണ്‍വീനര്‍മാര്‍ എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും.