ജൂബിലിനിറവിൽ ദര്‍ശന: ആഘോഷം നാളെ
1582061
Thursday, August 7, 2025 7:05 AM IST
കോട്ടയം: കലാ-സംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തിരിതെളിയും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉച്ചകഴിഞ്ഞ് 3.15ന് നടക്കുന്ന ചടങ്ങുകള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചാവറ അനുസ്മരണപ്രഭാഷണവും ചാവറ എക്സലന്‍സ് അവാര്‍ഡ് വിതരണവും നടത്തും. മന്ത്രി വി.എന്‍. വാസവന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഈ വര്‍ഷത്തെ ചാവറ എക്സലന്‍സ് പുരസ്കാരങ്ങള്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനും സമ്മാനിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ ആശംസകള്‍ അര്‍പ്പിക്കും. സിഎംഐ പ്രൊവിന്‍ഷ്യാൾ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആതുരശുശ്രൂഷ, പുസ്തക രചന, വിദ്യാഭ്യാസ സംഭാവനകള്‍ പരിഗണിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, കോട്ടയം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തെക്കിന്‍കാട് ജോസഫ്, ബിസിഎം കോളജ് കോട്ടയം എന്നിവര്‍ക്ക് പ്രത്യേക ചാവറ അവാര്‍ഡുകള്‍ നല്കി ആദരിക്കും.