പൂവം പെരുമ്പുഴക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം ടെന്‍ഡറായി
1582568
Saturday, August 9, 2025 7:24 AM IST
പെരുന്ന ഭാഗത്തേക്ക് 45 മീറ്റര്‍, പൂവം ഭാഗത്തേക്ക് 54 മീറ്റര്‍ ലാന്‍ഡ് സ്പാനായി അപ്രോച്ച് റോഡ്
ചങ്ങനാശേരി: പെരുമ്പുഴക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലും നിര്‍മിക്കുന്ന അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ ചെയ്തതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണ പ്രവൃത്തിക്കായി കഴിഞ്ഞ 17ന് 5.01 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും കഴിഞ്ഞദിവസം സാങ്കേതിക അനുമതിയും ലഭിച്ചു. തുടര്‍ന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയും ഇന്നലെ ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു.
പായിപ്പാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ പൂവത്താണ് പെരുമ്പുഴക്കടവ് പാലം സ്ഥിതി പെയ്യുന്നത്. പെരുന്ന ഭാഗത്തേക്ക് 45 മീറ്റര്‍ നീളത്തിലും പൂവം ഭാഗത്തേക്ക് 54 മീറ്റര്‍ നീളത്തിലും ലാന്‍ഡ് സ്പാന്‍ ആയിട്ടാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിന് അനുമതി ലഭ്യമായിരിക്കുന്നത്. പൈല് ഫൗണ്ടേഷന് നല്‍കിയുള്ള നിര്‍മാണ പ്രവൃത്തിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൂവം നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമാകും
പെരുമ്പുഴക്കടവ് പാലത്തിന്റെ നിര്‍മാണം സാധ്യമാകുന്നതിലൂടെ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന മുട്ട് നീക്കി കനാലിലെ ഒഴുക്ക് സുഗമമാകുകയും ചെയ്യും. വര്‍ഷങ്ങളായിട്ടുള്ള പൂവം പ്രദേശവാസികളുടെ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്. അതുപോലെതന്നെ പാടശേഖരങ്ങളില്‍ ചെറിയ മഴയ്ക്ക് പോലും മട വീഴുന്നതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും ഇതുവഴി പരിഹാരമാകും.
ജോബ് മൈക്കിള്‍ എംഎല്‍എ