മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍
1582565
Saturday, August 9, 2025 7:24 AM IST
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന സെന്റ് തോമസ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവിലേക്ക്.
11ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ഫ്രാന്‍സിസ് അസീസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജൂബിലി ആഘോഷ സമ്മേളനത്തിൽ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
1920ല്‍ ഫാ.വര്‍ഗീസ് പുളിക്കീല്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരിയായിരുന്നപ്പോള്‍ ആരംഭിച്ച എല്‍പി സ്കൂളാണ് 1948ല്‍ യുപി സ്കൂളായും 1951 ഓഗസ്റ്റില്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടത്. മരങ്ങാട്ടുപിള്ളി പ്രദേശത്തെ നാനാജാതി മതസ്ഥരായ കുട്ടികള്‍ക്ക് മികവുറ്റ അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെര്ണാക്കുലര് മലയാളം സ്കൂളാണ് സെന്റ് തോമസ് സ്കൂളായി മാറിയത്. ഫാ. ഏബ്രഹാം തൊണ്ടിക്കലായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്.
സ്കൂള്‍ മാനേജര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ എന്നിവര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍, ഹെഡ്മിസ്ട്രസ് ലിന്റാ എസ്. പുതിയാപറമ്പില്‍, പിടിഎ പ്രസിഡന്റ് റോബിന് കരിപ്പാത്ത് എന്നിവര്‍ നേതൃത്വം നല്കുന്നു.
സെന്റ് തോമസില്‍ പഠിച്ചു പടിയിറങ്ങിയ അനേകം പൂര്‍വവിദ്യാര്‍ഥികള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രശോഭിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്നു. വര്‍ഷങ്ങളായി ശാസ്ത്രവിഷയങ്ങളില്‍ ദേശീയ-സംസ്ഥാന-ജില്ലാ തലങ്ങളിലും, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന-ജില്ലാ തലങ്ങളിലും, പാലാ രൂപത എഡ്യൂക്കേഷണല്‍ ഏജന്‍സി 2022ല്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക സ്കൂളിനുള്ള പ്രഥമ അവാര്‍ഡും 2024ലെ അവാര്‍ഡും സ്കൂളിനു ലഭിച്ചു.
പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍, ഹെഡ്മിസ്ട്രസ് ലിന്റാ എസ്. പുതിയാപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ അലക്സ് കൊട്ടാരം, പിടിഎ പ്രസിഡന്റ് റോബിന് കരിപ്പാത്ത്, ജോണ്സണ് പുളിക്കിയില്‍, ജോസുകുട്ടി ഉപ്പാന്തടം, ടി.എസ്. ജയിംസ് എന്നിവര്‍ പങ്കെടുത്തു.