ആർടിഒ ഓഫീസിൽ വന്ന പെരുന്പനച്ചി സ്വദേശിക്ക് കടിയേറ്റു
1582567
Saturday, August 9, 2025 7:24 AM IST
റവന്യു ടവര്‍, കോടതി പരിസരങ്ങള്‍ കീഴടക്കി തെരുവുനായ്ക്കൾ
ചങ്ങനാശേരി: റവന്യു ടവര്‍, കോടതി, പുഴവാത്, മാര്‍ക്കറ്റ് ഭാഗങ്ങള്‍ കീഴടക്കി തെരുവുനായ്ക്കളുടെ വിഹാരം. ടവര്‍ പരിസരത്ത് വച്ച് ഒരാളെ നായ ആക്രമിച്ചു, നിസംഗരായി അധികാരികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത് ഒരു ഡസനോളം പേര്‍ക്ക്. ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വാഹനസംബന്ധമായ ആവശ്യത്തിനുവന്ന പെരുമ്പനച്ചി സ്വദേശി ബാബു ആന്റണിക്കാണ് കഴിഞ്ഞദിവസം റവന്യു ടവര്‍ പരിസരത്തുവച്ച് തെരുവുനായയുടെ കടിയേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
റവന്യു പരിസരങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങളും മറ്റിതര മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരുവുനായ്ക്കളുടെ വിഹാരം റവന്യു ടവറിലെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ എത്തുന്ന ജീവനക്കാര്‍ക്കും ആളുകള്‍ക്കും കടുത്ത ഭീഷണിയാണ്.
വിവിധ കോടതികള്‍, പുഴവാത്, മാര്‍ക്കറ്റ്, മുനിസിപ്പല്‍ സ്റ്റേഡിയം, പെരുന്ന, മനയ്ക്കച്ചിറ ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം ഇരുചക്രവാഹന യാത്രികർക്കും കാല്‍നടയാത്രികര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്.
പുലര്കാലങ്ങളില് പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്ന വിശ്വാസികള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണി സൃഷ്ടിക്കുകയാണ്.