വൈക്കം -തവണക്കടവ് ഇനി തടിബോട്ടില്ലാത്ത ഫെറി
1582559
Saturday, August 9, 2025 7:14 AM IST
വൈക്കം: വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്താൻ ഇനി തടിബോട്ടില്ല. ഫെറിയിൽ സർവീസ് നടത്തിയിരുന്ന കാലപ്പഴക്കമേറിയ എ.90 നമ്പർ തടി ബോട്ട് സർവീസിന് പര്യാപ്തമല്ലെന്നും ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ തിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതി ഉയർന്നതിനെത്തുടർന്ന് ബോട്ട് മാറ്റണമെന്ന് ദീപിക അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തടിബോട്ട് മാറ്റി ഇപ്പോൾ കറ്റാമറൈൻബോട്ട് വൈക്കം-തവണക്കടവ് ഫെറിയിൽ അധികൃതർ സർവീസിനെത്തിച്ചിരിക്കുകയാണ്.
ഇരട്ടഎൻജിനുള്ള കറ്റാമറൈൻ ബോട്ട് കഴിഞ്ഞദിവസമാണ് എറണാകുളത്തുനിന്നു വൈക്കത്ത് എത്തിച്ചത്. യാത്രക്കാർക്ക് സുരക്ഷിത ്വവും സമയലാഭവും ലക്ഷ്യമാക്കി ആധുനികസൗകര്യങ്ങളോടുകൂടിനിർമിച്ചതാണ് കറ്റാമറൈൻ യാത്രാബോട്ട്. ബോട്ടിൽ 75പേർക്ക് യാത്ര ചെയ്യാൻ കഴിയും. രണ്ട് എൻജിൻ ഉള്ളതിനാൽ യാത്രയ്ക്കിടെ ഒരുഎൻജിൻ തകരാറിലായാലും അടുത്ത എൻജിൻ ഉപയോഗിച്ച് ബോട്ട് കരയ്ക്കെത്തിക്കാൻ സാധിക്കും.
നിലവിൽ സോളാർ ബോട്ടായ ആദിത്യ ഉൾപ്പെടെ നാല് ബോട്ടുകളാണ് വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്നത്. ആലപ്പുഴ,കോട്ടയം ജില്ലകളിൽനിന്നു നിരവധിയാളുകളാണ് വൈക്കം -തവണക്കടവ് ഫെറിയിലൂടെ ദിവസേന കായൽ കടക്കുന്നത്. ആറ് രൂപയാണ് യാത്രാനിരക്ക്.