വീണ്ടും സർക്കാർ v/s ഗവർണർ പോര്
Saturday, August 2, 2025 1:50 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർമാരെ വീണ്ടും നിയമിച്ചു ഗവർണർ വിജ്ഞാപനമിറക്കിയത് സുപ്രീംകോടതി ഉത്തരവ് അനുകൂലമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ.
വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വിസിയെ നിയമിക്കണമെന്നു പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവനു ലഭിച്ച നിയമോപദേശം. നിലവിലെ വിസിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലാ നിയമത്തിലെ 13(7)വകുപ്പ് അനുസരിച്ചാണ് ആറുമാസത്തേക്കുള്ള താത്കാലിക നിയമനം. സാങ്കേതിക സർവകലാശാല വിസിയായി ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലാ വിസിയായി ഡോ. സിസാ തോമസിനെയുമാണ് ഗവർണർ നിയമിച്ചത്.
അതേസമയം, വിസി നിയമനം ചട്ടവിരുദ്ധമാണെന്നും സർക്കാർ പാനലിൽനിന്നു നിയമിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഷർമിള മേരി ജോസഫും ഐടി സ്പെഷൽ സെക്രട്ടറി സാംബശിവറാവുവും ഗവർണർക്ക് കത്തു നൽകി. ഗവർണറുടെ ചട്ടവിരുദ്ധമായ നിയമന നീക്കത്തിനെതിരേ നിയമപരമായ നടപടി സർക്കാർ സ്വീകരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായി.
വിസി നിയമനം നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നുമാണ് ഗവർണക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറയുന്നത്. സുപ്രീംകോടതി ഉത്തരവിന് എതിരായ നീക്കമാണിത്. സർക്കാർ നൽകിയ പാനലിലുള്ളവരെ നിയമിക്കണം. രണ്ടിടത്തും സ്ഥിരം വിസിമാരാണ് വേണ്ടത്. ഇക്കാര്യത്തിൽ ഗവർണർ സർക്കാരുമായി സഹകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വിസി നിയമനത്തിലൂടെ ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിച്ചെന്നും നിയമനം നിലനിൽക്കില്ലെന്നും കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണെന്നും മന്ത്രി പി. രാജീവ് തുറന്നടിച്ചു. നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും ആർഎസ്എസ് വിധേയരെ വിസിമാരാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.
അതേസമയം, സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ സമവായം വേണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ, ഐടി വകുപ്പ്സെക്രട്ടറിമാരെ ഗവർണർ ചർച്ചയ്ക്കു വിളിക്കും. എട്ട് സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്കെതിരായി സർക്കാർ നേടിയ സ്റ്റേ നീക്കണമെന്ന ആവശ്യവും സർക്കാരിനു മുന്നിൽ വയ്ക്കും. സർക്കാർ നടപടിയാണ് സ്ഥിരം വിസി നിയമനത്തിന് തടസമാകുന്നതെന്നാണ് രാജ്ഭവൻ നിഗമനം.