10 വർഷം പഴക്കമുള്ള സ്റ്റാന്പ് നൽകി പണം നൽകാൻ നിർദേശം
Monday, August 4, 2025 4:32 AM IST
കണ്ണൂർ: വിദ്യാഭ്യാസ ഓഫീസർമാരെ ഉപയോഗിച്ച് വിദ്യാലയങ്ങളിൽനിന്നു സർക്കാർ നിർബന്ധിത പണപ്പിരിവു നടത്തുന്നതായി കെപിഎസ്ടിഎ. 10 വർഷം മുമ്പുള്ള സ്റ്റാമ്പുകൾ നൽകിയാണ് ഹെഡ്മാസ്റ്റർമാരോട് തുക അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 രൂപ വീതം അധ്യാപകരിൽനിന്നു പിരിച്ചെടുക്കാനാണ് വാക്കാലുള്ള നിർദേശം.
ഇപ്രകാരം ഏതാണ്ട് അഞ്ചുലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്കുള്ള സ്റ്റാമ്പുകളാണ് കണ്ണൂർ ജില്ലയിൽ വിതരണം ചെയ്തിരിക്കുന്നത്. പിരിവ് ഉടൻ നിർത്തിവയ്ക്കണമെന്നും ഹെഡ്മാസ്റ്റർമാർ ഈ പണപ്പിരിവിനോടു സഹകരിക്കേണ്ടതില്ലെന്നും കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2022ൽ ഹൈക്കോടതി സ്കൂളുകളിൽ സ്റ്റാമ്പ് വില്പന തടഞ്ഞുകൊണ്ട് ഉത്തരവ് വന്നതിനു ശേഷം ഒളിഞ്ഞും തെളിഞ്ഞും പ്രധാനാധ്യാപകരെ സമ്മർദ്ദത്തിലാക്കി നിരവധി സ്റ്റാമ്പുകളാണ് സ്കൂളുകളെ അടിച്ചേല്പ്പിക്കുന്നത്. പലപ്പോഴും സ്റ്റാമ്പുകളുടെ തുക അധ്യാപകരും മുഖ്യാധ്യാപകരും ചേർന്ന് നൽകുകയാണു പതിവ്. മൂന്നുവർഷമായി സർക്കാർ വിദ്യാലയങ്ങൾക്ക് മെയിന്റനൻസ് ഫണ്ട് പോലും ലഭിക്കാത്തതിനാൽ മുഖ്യാധ്യാപകർ ദുരിതത്തിലാണ്.
ഈ സാഹചര്യത്തിലാണ് വീണ്ടും സ്റ്റാമ്പ് വില്പനയുടെ പേരിൽ മുഖ്യാധ്യാപകരെ പീഡിപ്പിക്കുന്നത്. ഇത്തരം ഏജൻസികൾ നടത്തുന്ന പണപ്പിരിവിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടതാണ്. എല്ലാ വർഷവും അധ്യാപകദിനത്തിനുള്ള 200 മുതൽ 300 വരെ രൂപയുടെയും സ്റ്റാമ്പുകൾ അധ്യാപകർക്ക് വില്പന നടത്താറുണ്ട്.
അതിന് മുന്നോടിയായാണ് ഈ പിരിവ് നടത്തുന്നത്. യാതൊരു സാമ്പത്തിക സഹായവും നൽകാതെയുള്ള സ്കൂൾ സുരക്ഷാ ഓഡിറ്റ് അപഹാസ്യമാണെന്നും കെപിഎസ്ടിഎ ആരോപിച്ചു. റവന്യൂജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.ശശിധരൻ, അലോഷ്യസ് ജോർജ്, എം.കെ. പ്രിയ, സ്വപ്ന ജോർജ്, പി. ജലജാക്ഷി, പി. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.