അനുനയ നീക്കം; വിസി നിയമനത്തില്‍ മന്ത്രിമാരായ ആര്. ബിന്ദു, പി. രാജീവ് എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍
Monday, August 4, 2025 4:39 AM IST
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സമവായം വേണമെന്ന അവശ്യവുമായി മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് ഇന്നലെ രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്.വി. അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.
ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും കേരള യൂണിവേഴ്സിറ്റിയിലെ പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും മന്ത്രിമാര്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. സമവായത്തിലൂടെ സ്ഥിരം വിസി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. സ്ഥിരം വിസിമാരെ നിയമിക്കുന്നത് ഉയര്‍ന്ന അക്കാദമിക യോഗ്യതകൂടി കണക്കിലെടുത്തുവേണമെന്നും മന്ത്രിമാര്‍ ആവശ്യം ഉന്നയിച്ചതായാണ് വിവരം.
എന്നാല്‍, താത്കാലിക വിസി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരമാണെന്ന് ഗവര്‍ണര്‍ മറുപടി നല്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനു മന്ത്രിമാരായ ആര്. ബിന്ദുവിനെയും പി. രാജീവിനെയുമാണ് ചുമതലപ്പെടുത്തിയത്.
ഡോ. സിസ തോമസിനെയും ഡോ.കെ. ശിവപ്രസാദിനെയും വൈസ് ചാന്‍സലര്‍മാരായി അംഗീകരിക്കാനേ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ഉപഹര്‍ജി നല്‍കാനുള്ള തീരുമാനം. കോടതി ഉത്തരവ് മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം എന്ന നിലപാടിലാണ് സര്‍ക്കാര്‍. വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും മുഖ്യമന്ത്രി കത്തയച്ചിരുന്നു.
സിസ തോമസിന്റെയും ശിവപ്രസാദിന്റെയും കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറല്ലെന്നാണ് രാജ്ഭവന്റെ നിലപാടെന്നാണ് സൂചന. താത്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവേയാണ് ഇന്നലെ നടന്ന സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടതെങ്കിലും ഗവര്‍ണര്‍ അനുനയത്തിനു വഴങ്ങുമോയെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.
അതേസമയം, താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും രാജ്ഭവനില്‍ ഗവര്‍ണര്‍ സംഘടിപ്പിക്കുന്ന വിരുന്നുസത്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ ഓഗസ്റ്റ് 15നാണ് വിരുന്നു സത്കാരം നടത്തുന്നത്. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകള്‍ എന്ന ശീര്‍ഷകത്തില്‍ 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.