റോഡു കണ്ടാൽ തോട് തോറ്റുപോകും ഗതികേടിലാണ് ബാലഭവൻ റോഡ്
1579073
Sunday, July 27, 2025 5:09 AM IST
കുറവിലങ്ങാട്: കുടിവെള്ളത്തിനായി മാന്തിയ റോഡ് തോടായി മാറിയിട്ടും തിരിഞ്ഞ് നോക്കാൻ ആരുമില്ല. പഞ്ചായത്തിലെ ബാലഭവൻ റോഡാണ് കാനനപാതയെ വെല്ലുന്ന രീതിയിൽ നാശത്തിലെത്തിയിട്ടുള്ളത്.
ഒരുവർഷത്തിലേറെയായി ഓടകണക്കെയുള്ള വഴിയിലൂടെ യാത്രനടത്തുകയാണ് അൻപതോളം കുടുംബങ്ങൾ. ജൽജീവൻ പദ്ധതിക്കായി പൈപ്പിടുന്നതിനെടുത്ത കുഴിയാണ് മൂടിയിട്ടും മൂടാതെ കിടക്കുന്നത്.
റോഡ് നെടുകെ കീറിമുറിഞ്ഞ രീതിയിൽ കിടക്കുന്നതിനാൽ ഓട്ടോറിക്ഷകളടക്കം ഓട്ടം പോകാൻ വിസമ്മതിക്കുന്ന സ്ഥിതിയാണുള്ളത്. ജലവിതരണത്തിന് സ്ഥാപിച്ച പൈപ്പിൽ ജലമെത്തിയില്ല എന്നതിനപ്പുറം റോഡ് കുളമായതുമാത്രമാണ് ബാക്കി. റോഡ് യാത്രായോഗ്യമല്ലാതെ വന്നതോടെ ആശുപത്രിയിൽ പോകുന്നതിനടക്കം വലിയ പ്രതിസന്ധി നേരിടുകയാണ് നാട്ടുകാർ. ബാലഭവനിലേക്കുള്ള മുപ്പതോളം കുട്ടികൾ കുഴിയിൽ ചാടിയും ചെളിയിൽ മുങ്ങിയും യാത്ര നടത്തേണ്ട ഗതികേടിലാണ്.
പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് അടിയന്തരമായി അനുവദിക്കാൻ കഴിയുന്ന തുക പ്രയോജനപ്പെടുത്തി കല്ലുംമണ്ണുമിട്ട് മൂടി യാത്രാദുരിതത്തിന് പരിഹാരം കാണാവുന്നതാണെങ്കിലും ഇത്തരത്തിൽ നടപടികളുണ്ടായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനും അംഗത്തിനും അടിയന്തര ഘട്ടങ്ങളിൽ ചെറിയ തുക അനുവദിക്കാനുള്ള അവസരം ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
പലയിടങ്ങളിലും പരാതി പറഞ്ഞെങ്കിലും പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നാട്ടുകാർ. ഇനിയും അധികൃതർ അനാസ്ഥ തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.