പാലാ രൂപത ആഗോളസഭയ്ക്ക് കരുത്തും കരുതലും: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
1579074
Sunday, July 27, 2025 5:09 AM IST
പാലാ: വിശുദ്ധി, ആത്മസമര്‍പ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവയില്‍ പകരം വയ്ക്കാനില്ലാത്ത അനന്യ വ്യക്തിത്വമാണ് പാലാ രൂപതയ്ക്കുള്ളതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയിലെ ഗുണമേന്മയുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപത.
വിശ്വാസത്തിന്റെയും തനിമയുടെയും മേന്മയുടെയും ഇടമാണ് പാലാ രൂപത. കലര്‍പ്പില്ലാത്ത വിശ്വാസത്തിലൂടെയും പാരമ്പര്യത്തിലൂടെയും മുമ്പേ പറക്കുന്ന പക്ഷിയാണ്. പാലാ രൂപതയുടെ അടയാളം നോക്കി യാത്ര ചെയ്താല്‍ ആര്‍ക്കും വഴി തെറ്റില്ല. ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ആളൊഴിയാത്ത കബറിടമാണ് പാലായുടെ വിശുദ്ധിയുടെ വെണ്മ.
ഇന്‍ഡസ്ട്രിയല്ല മിനിസ്ട്രിയാണ് കത്തോലിക്കാസഭ നടത്തേണ്ടതെന്ന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലൂടെ പാലാ രൂപത കാട്ടിത്തന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രേഷിതോന്മുഖമായ വലിയ ഇടമാണ് പാലാ. ആഗോള മിഷനറിമാരില്‍ ഭൂരിഭാഗവും മെത്രാന്മാരില് അനേകരും പാലായുടെ സ്വന്തമാണ്. പ്രകൃതിക്ഷോഭ മേഖലകളിലെ ഇടപെടലുകള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പാലാ രൂപത സഭയുടെ ഗുണമേന്മ കുറയ്ക്കാതെ കൊണ്ടുപോകുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
പൊതുരംഗത്ത് നേതാക്കന്മാരെ സൃഷ്ടിച്ച് നേതാക്കന്മാരുടെ രൂപതയായി പാലാ മാറിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിങ്ങനെ നിരവധി നേതാക്കന്മാരെയാണ് പാലായും പാലാ രൂപതയും സംഭാവന ചെയ്തത്. നേതൃത്വമാണ് പ്രാദേശിക സഭയെ ശക്തമാക്കുന്നത്. ശക്തമായ ലീഡര്‍ഷിപ്പാണ് പാലാ രൂപത സഭയ്ക്കു സമ്മാനിക്കുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ഭാരതത്തിന്റെ രാഷ്ട്ര നിര്‍മിതിയില്‍ ക്രൈസ്തവരുടെ പങ്ക് വളരെ വലുതാണ്. എന്നിട്ടും ക്രൈസ്തവര്‍ക്കു നേരേ ഉത്തരേന്ത്യയില്‍ പലയിടത്തും ആക്രമണം നടക്കുന്നു. സഭയ്ക്കും സമുദായത്തിനും ശക്തീകരണം നല്കാന് പാലാ രൂപതയ്ക്കു കഴിഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
മലബാറില്‍ സീറോ മലബാര്‍ സഭയെയും തലശേരി രൂപതയെയും വളര്‍ത്തുന്നതില്‍ പാലാ രൂപത നിര്‍ണായക പങ്കാണ് വഹിച്ചത്. മലബാർ കുടിയേറ്റത്തിന്റെ ചരിത്രം പാലാക്കാരുടേതാണ്. പാലായിലൂടെയും പാലാക്കാരിലൂടെയുമാണ് മലബാറിന്റെ വളര്‍ച്ച.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
ആരാധനയുടെ തനിമയും സ്വത്വവും സംരക്ഷിക്കുന്നതില്‍ പാലാ രൂപതയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. സുറിയാനി പാരമ്പര്യം ആരാധനാ ക്രമത്തില്‍ സംരക്ഷിക്കുവാനും പാലാ രൂപതയ്ക്കു കഴിയുന്നു എന്നതില്‍ അഭിമാനമുണ്ട്.
ശശി തരൂര്‍
കരുണ, ത്യാഗം, പ്രത്യാശ എന്നിവയ്ക്കൊപ്പം ആരാധനയിലൂടെയും ക്ഷേമ സേവന പ്രവര്‍ത്തനങ്ങളിലൂടെയും വിശ്വാസത്തിന്റെ സുഗന്ധം പരത്താന്‍ പാലാ രൂപതയ്ക്ക് കഴിഞ്ഞതായി ശശി തരൂര്‍ പറഞ്ഞു.