കണ്ണിമലയിൽ വീണ്ടും അപകടം; ചരക്കുലോറി തലകീഴായി മറിഞ്ഞു
1582863
Sunday, August 10, 2025 10:38 PM IST
എരുമേലി: കണ്ണിമലയിൽ ചരക്കുമായെത്തിയ ലോറി മറിഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. കൊല്ലത്തുനിന്നു കുമളിയിലേക്ക് കശുവണ്ടിത്തോടുമായി പോയ ലോറിയാണ് മറിഞ്ഞത്. കഴിഞ്ഞ അഞ്ചിനാണ് ഇവിടെ കെഎസ്ആർടിസി ബസ് ഇറക്കത്തിൽ ബ്രേക്ക് തകരാർ മൂലം ക്രാഷ് ബാരിയറിൽ ഇടിച്ചശേഷം എതിർവശത്തെ റബർത്തോട്ടത്തിലേക്ക് കയ്യാല ഇടിച്ചു തകർത്ത് കയറിയത്.
പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിലാണ് കണ്ണിമലയിലെ എസ് ആകൃതിയിലുള്ള ചെങ്കുത്തായ കയറ്റം. ദുർഘടമായ വളവാണ് ഇറക്കത്തിലും കയറ്റത്തിലും ഒരേപോലെ അപകടം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വളവുതിരിഞ്ഞു കയറി ചെങ്കുത്തായ കയറ്റം കയറുമ്പോൾ ഭാരമേറിയ വാഹനങ്ങൾ ഏറെ പ്രയാസകരമായാണ് സഞ്ചരിക്കുന്നത്. ഇറക്കത്തിലാണെങ്കിൽ വളവിൽ എത്തുമ്പോൾ വേഗത തീരെ കുറച്ചാൽ മാത്രമാണ് അപകടരഹിതമായി സഞ്ചരിക്കാനാവുക.
എന്നു മായും എസ് വളവ്?
അപകടവളവ് മാറ്റാനുള്ള നടപടി നിർദിഷ്ട ഭരണിക്കാവ്-മുണ്ടക്കയം 183 എ ദേശീയപാതയുടെ നിർമാണത്തിലുണ്ടാകുമെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്.
നാലുവരിയായി വിഭാവനം ചെയ്തിട്ടുള്ള ഈ പാതയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ഇതിന് ഇനിയും കാലതാമസമുണ്ടാകുമെന്നാണ് അറിയുന്നത്. അതുവരെ അപകടത്തിന്റെ മുനമ്പിലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. നിർദിഷ്ട പാതയ്ക്ക് എരുമേലി-മുണ്ടക്കയം റോഡിൽ ഉൾപ്പെടെ സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ ഈ വളവിൽ അപകടങ്ങൾ കുറയ്ക്കാൻ താത്കാലികമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ക്രാഷ്ബാരിയർ സ്ഥാപിക്കലും മാത്രമാണ് നടന്നിട്ടുള്ളത്. എസ് ആകൃതിയിലുള്ള ഈ വളവിൽ സമാന്തര റോഡ് നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യമുയർത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ശബരിമല സീസൺ ഉൾപ്പെടെ കഴിഞ്ഞകാല ശബരിമല സീസണുകളിലായി ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചത്. ശബരിമല സീസണുകളിൽ രാത്രിയും പകലും പോലീസ് കാവൽ നിന്നാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. എന്നിട്ടം അപകടങ്ങൾ സംഭവിച്ചിരുന്നു.