സഞ്ചാരികളെ മാടിവിളിച്ച് കുമരകത്തെ ആന്പൽവസന്തം
1583091
Monday, August 11, 2025 7:10 AM IST
കുമരകം: അന്തർദേശീയ ടൂറിസം ഭൂപടത്തിലെ മുഖ്യകേന്ദ്രങ്ങളിൽ ഒന്നായ കുമരകം പുതിയ കാഴ്ചാനുഭവങ്ങളൊരുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു.
വേമ്പനാട്ടു കായൽപരപ്പിൽ പുരവഞ്ചികളിൽ സഞ്ചരിച്ചും കൈത്തോടുകളിലൂടെ യാത്ര ചെയ്തു ഗ്രാമീണജീവിതത്തിന്റെ വിശുദ്ധി നേരിട്ടു കണ്ടറിയുകയും കയർ പിരിക്കലും ഓലമെടയലും തെങ്ങ് ചെത്തുമെല്ലാം കണ്ടാസ്വദിക്കുകയുമായിരുന്നു കുമരകം സന്ദർശനത്തിന്റെ ഇതുവരെയുള്ള മുഖ്യാകർഷണങ്ങളെങ്കിൽ പത്തുപങ്കിലെ ആന്പൽ വസന്തത്തിലൂടെ പുതിയൊരു കാഴ്ചാനുഭവംകൂടി സഞ്ചാരികൾക്ക് പ്രകൃതി സമ്മാനിച്ചിരിക്കുകയാണ്.
ഏതാണ്ട് മൂന്നൂറേക്കറിൽ പരന്നു കിടക്കുന്ന വയലാണ് പത്തുപങ്ക് പാടശേഖരം. ഇവിടെനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാനാകുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചവിസ്മയം. കണ്ണെത്താദൂരത്തോളം ആമ്പൽപ്പൂക്കൾ. കായൽ കുളിർകാറ്റേറ്റ് രസിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്.
സഞ്ചാരികളെ സ്വീകരിച്ചു ചെറുവള്ളങ്ങളിലേറ്റി പത്തുപങ്കിന്റെ വിരിമാറിലൂടെ, ആമ്പൽപ്പൂക്കൾക്കിടയിലൂടെ ഉല്ലാസ യാത്രയൊരുക്കാൻ നാട്ടുകാർ ചെറുയാനങ്ങളുമായി കാത്തുനിൽപ്പുണ്ട്. രണ്ടുമണിക്കൂർ യാത്ര, അത് അവിസ്മരണീയ അനുഭവമായി മാറും.
കണ്ണാടിച്ചാലിൽനിന്നു തെക്കോട്ടു സഞ്ചരിച്ച് നാരകത്രപ്പാലം കടന്ന് പടിഞ്ഞാറെമൂല വഴി മുത്തേരിമട പാലത്തിങ്കലെത്താം. ചന്തക്കവലയിൽനിന്നു ആശാരിശേരി വഴിയും മുത്തേരിമടയിലെത്താം. ഇരുചക്രവാഹനങ്ങളിലാണെങ്കിൽ നേരിട്ട് ദൈവത്തിന്റെ മൂലയിലെത്താം. പുരവഞ്ചികളിലും മോട്ടോർ ബോട്ടുകളിലും പത്തുപങ്കിലെത്താൻ കഴിയും. പുഞ്ചക്കൃഷിപ്പണികൾ ആരംഭിക്കുന്നതുവരെ പുലരികളിൽ വർണവിസ്മയം തീർത്ത് ആമ്പൽപൂക്കൾ പത്തുപങ്കിലേക്ക് സന്ദർശകരെ മാടി വിളിക്കും.