അങ്കണവാടികളില്‍ ഇതുവരെ ബിരിയാണി വേവായിട്ടില്ല
1582884
Sunday, August 10, 2025 11:34 PM IST
കോട്ടയം: അങ്കണവാടി കുട്ടികള്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നല്കിയ ബിരിയാണി ഉറപ്പ് നടപ്പായില്ല. പ്രവേശനോത്സവ ദിവസം ചില അങ്കണവാടികളില്‍ മുട്ട ബിരിയാണി വിളമ്പിയതല്ലാതെ ബിരിയാണി ചെമ്പു പോലും വാങ്ങാനായിട്ടില്ല. ഒരു കുട്ടിക്ക് അഞ്ചു രൂപയാണ് ഭക്ഷണത്തിന് സര്‍ക്കാര്‍ വിഹിതം. ഒരു മുട്ടയ്ക്ക് ഏഴു രൂപയും ഒരു കിലോ ബിരിയാണി അരിക്ക് 120 രൂപയുമുള്ളപ്പോള്‍ ഒരു കുട്ടിക്കും ബിരിയാണി നല്‍കാനാവില്ല. അധിക ഫണ്ട് ലഭിക്കാതെ
ആയയുടെയും അധ്യാപികയുടെയും വേതനത്തില്‍നിന്ന് ബിരിയാണി നല്‍കുക അസാധ്യം. മാത്രവുമല്ല ഏറെ ആയമാര്‍ക്കും ബിരിയാണി പാചകം വശവുമില്ല.
മുട്ട ബിരിയാണി, പുലാവ് ഉള്‍പ്പെടെയാണ് മെനു പരിഷ്കരിച്ചിരുന്നത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് പോഷക മാനദണ്ഡപ്രകാരം ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്.
ഇതുകൂടാതെ പാലും പിടിയും ഓംലറ്റും മുളപ്പിച്ച പയറും ന്യൂട്രിലഡുവും ഒക്കെ മെനുവിലുണ്ട്. മെനുവിനെക്കുറിച്ചും ഉള്‍പ്പെടുത്തേണ്ട പോഷകമൂല്യത്തെക്കുറിച്ചുമൊക്കെ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്കിയ ശേഷം ഒരു മാസത്തിനകം പുതിയ മെനു നടപ്പാക്കുമെന്നായിരുന്നു വനിതാ ശിശുവികസന വകുപ്പിന്റെ പ്രഖ്യാപനം. അരിക്കലമല്ലാതെ ബിരിയാണി ചെമ്പ് ഒരു അങ്കണവാടിയിലുമില്ല. പാത്രം വാങ്ങാനുള്ള പണംകൂടി അനുവദിക്കണമെന്ന് അധ്യാപികമാര്‍ പറയുന്നു.