വനിതകളുടെ ആരോഗ്യം: കുമ്മണ്ണൂരിൽ വനിതാ ഫിറ്റ്നസ് സെന്റർ
1583095
Monday, August 11, 2025 7:10 AM IST
കോട്ടയം: കിടങ്ങൂരില്‍ വനിതാ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചു. കുമ്മണ്ണൂരിലെ സാംസ്കാരിക നിലയത്തിന് പുറകുവശം വയോജന വിശ്രമകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചത്. പരിശീലകയെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. കിടങ്ങൂര്‍ പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പത് ലക്ഷം രൂപ ജനറല്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനു സെന്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡംബല്‍, കെറ്റില്‍ ബെല്‍, വ്യായാമ സൈക്കിള്‍, മെഡിസിന് ബോള്‍, ജിം ബോള്‍, ബാര്‍ ബെല്‍, വെയ്റ്റ് പ്ലേറ്റ്, ജിം റോപ്പ്, സ്റ്റെപ്പര്‍ എന്നീ ഉപകരണങ്ങളാണ് നിലവില്‍ സെന്ററിലുള്ളത്.
ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, അശോക് കുമാര്‍ പൂതമന, പഞ്ചായത്തംഗങ്ങളായ കെ.ജി. വിജയന്, ലൈസമ്മ ജോര്‍ജ്, തോമസ് മാളിയേയ്ക്കല്, കുഞ്ഞുമോള്‍ ടോമി എന്നിവര്‍ പങ്കെടുത്തു.